രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം

തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരേ കേരളത്തിന് 204 റണ്ണിന്റെ വമ്പന്‍ ജയം. ജയത്തോടെ എലൈറ്റ് സി ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി.
അഞ്ച് കളികളിലായി 19 പോയിന്റാണു കേരളത്തിന്റെ നേട്ടം. 25 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയാണു കേരളത്തിന്റെ അടുത്ത എതിരാളി.
സ്‌കോര്‍: കേരളം ഒന്നാം ഇന്നിങ്‌സ് 327, രണ്ടാം ഇന്നിങ്‌സ് ഏഴിന് 242 ഡിക്ലയേഡ്. സര്‍വീസസ് ഒന്നാം ഇന്നിങ്‌സ് 229, രണ്ടാം ഇന്നിങ്‌സ് 136.

സെന്റ് സേവ്യേഴ്‌സ് സ്‌റ്റേഡിയത്തില്‍ 341 റണ്ണിന്റെ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സര്‍വീസസിനു വേണ്ടി ഓപ്പണര്‍ സുഫിയാന്‍ ആലം മാത്രമാണ് പിടിച്ചു നിന്നത്. 108 പന്തുകള്‍ നേരിട്ട സുഫിയാന്‍ 52 റണ്ണെടുത്തു. ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് (15.4 ഓവറില്‍ മൂന്ന് മെയ്ഡനുകള്‍ അടക്കം 36 റണ്ണിന് എട്ട് വിക്കറ്റ്) സര്‍വീസസിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍ ഒരു വിക്കറ്റെടുത്തു.
സുഫിയാന്‍ ആലം റണ്ണൗട്ടായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 വിക്കറ്റുകളും 6000 ത്തലധികം റണ്ണുമെടുക്കുന്ന താരമെന്ന അപൂര്‍വ നേട്ടവും ജലജ് സക്‌സേന കുറിച്ചു. താരം ഒന്നാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. ആലവും ശുഭം രോഹിലയും (55 പന്തില്‍ 28) ചേര്‍ന്ന് സര്‍വീസസിനു മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 61 ല്‍ നില്‍ക്കേ രോഹിലയെ പുറത്താക്കി വൈശാഖ് ചന്ദ്രന്‍ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്നു വന്ന രവി ചന്ദ്രന്‍ (ഏഴ്), രാഹുല്‍ സിങ് (ഏഴ്), നായകന്‍ രജത് പാലിവാള്‍ (0) എന്നിവരെ സക്‌സേന പുറത്താക്കി. ആലത്തെ റണ്ണൗട്ടാക്കിയതും സക്‌സേന തന്നെയാണ്.
ലവ്‌കേശ് ബന്‍സാല്‍ (അഞ്ച്), പുല്‍കിത് നാരംഗ് (ആറ്), മോഹിത് രാതീ (ഒന്ന്), അര്‍പിത് ഗുലാരിയ (ഒന്ന്) എന്നിവര്‍ പൊരുതാതെ മടങ്ങി. പൂനം പൂനിയ (19 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 18) മാത്രമാണു വാലറ്റത്തു രണ്ടക്കം കടന്നത്.
ദ്വിവേഷ് പതാനിയ (ഏഴ്) പുറത്താകാതെനിന്നു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയും (159) രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായി (93) ടീമിനെ നയിച്ച സച്ചിന്‍ ബേബി മത്സരത്തിലെ താരമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →