28 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് ജനുവരി6ന്

സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ അംഗങ്ങളുടെ ആകസ്മിക ഒഴിവ് മൂലം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക 6 ന് പ്രസിദ്ധീകരിക്കും. അന്നു മുതൽ 21 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാം.

ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കാം. ഇതിനായി http://www.lsgelection.kerala.gov.in ൽ ഓൺലൈൻ അപേക്ഷ നൽകണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും.

കരട് പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in ലും ലഭ്യമാണ്.

ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ 28 വാർഡുകളിലാണ് അംഗങ്ങളുടെ/കൗൺസിലർമാരുടെ ഒഴിവുകൾ വന്നിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ വാർഡും, തൃശ്ശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം വാർഡും കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ മീനത്തുചേരി വാർഡും ഇതിൽ ഉൾപ്പെടും. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്ക് അവയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും മുനിസിപ്പാലിറ്റി,  കോർപ്പറേഷൻ,  ഗ്രാമപഞ്ചായത്തുകളിൽ അതാത് വാർഡുകളിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ ജില്ലാ തലത്തിൽ:

തിരുവനന്തപുരം – കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക്

കൊല്ലം  –  കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ മീനത്തുചേരി, വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിലെ തേവർതോട്ടം

പത്തനംതിട്ട  – കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുഭാഗം

ആലപ്പുഴ  –  തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ തണ്ണീർമുക്കം, എടത്വാ ഗ്രാമപഞ്ചായത്തിലെ തായങ്കരി വെസ്റ്റ്

കോട്ടയം –  എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വയലാ ടൗൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ പൂവക്കുളം

എറണാകുളം – പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തായ്മറ്റം

തൃശ്ശൂർ – തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷൻ, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലങ്ങാട്

പാലക്കാട്  –  പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, ആനക്കര  ഗ്രാമപഞ്ചായത്തിലെ മലമക്കാവ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാട്ടിമല, തൃത്താല ഗ്രാമപഞ്ചായത്തിലെ വരണ്ടു കുറ്റികടവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂർ

മലപ്പുറം  –   അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്തിലെ അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്തിലെ കൊടലിക്കുണ്ട്

കോഴിക്കോട്  –  ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക്

വയനാട്   – സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലെ പാളാക്കര

കണ്ണൂർ –  ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലിലെ കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്തിലെ മേൽമുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ വള്ളിയോട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →