ആലപ്പുഴ: ഗ്രാമപഞ്ചായത്തിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും മാലിന്യമുക്തമാക്കാനും ലക്ഷ്യമിട്ട് ആര്‍ത്തവോത്സവം എന്ന പേരില്‍ മെന്‍സ്ട്രല്‍ കപ്പ് (എം.കപ്പ്) വിതരണം ചെയ്യാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്.
ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന് ശുചിത്വം, മാലിന്യ സംസ്കരണം എന്ന മേഖലയില്‍ അനുവദിച്ച തുക വിനിയോഗിച്ച് പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്ലിന്റെ ‘തിങ്കള്‍’ പദ്ധതി വഴിയാണ് മെന്‍സ്ട്രല്‍ കപ്പ് ലഭ്യമാക്കുന്നത്. പഞ്ചായത്തിലെ ആര്‍ത്തവചക്രമുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 25-നും 45-നും ഇടയില്‍ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകള്‍ക്കാണ് കപ്പ് നല്‍കുന്നത്.
സാനിറ്ററി നാപ്കിന് ശാസ്ത്രീയമായി സംസ്കരിക്കാന്‍ സാധിക്കാത്തതിന്റെ പ്രശ്നങ്ങള്‍, കത്തിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ജലാശയങ്ങളിലും മറ്റും വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇതിലൂടെ പരിഹാരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു.
കപ്പ് വിതരണം ചെയ്യുന്നതിനൊപ്പം ആശ/ അങ്കണവാടി പ്രവര്‍ത്തകര്‍, എ.ഡി.എസ്., സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ബോധവത്ക്കരണം നല്‍കുകയും അതിലൂടെ സ്ത്രീകള്‍ക്ക് എം.കപ്പ് ഉപയോഗിക്കുന്ന വിധം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് ക്ലാസുകള്‍ നല്‍കുകയും ചെയ്യും.
ഡിസംബര്‍ 20-ന് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ദലീമ ജോജോ എം.എല്‍.എ. നിര്‍വഹിക്കും. ചലച്ചിത്ര താരം ഗായത്രി അരുണ്‍ കപ്പിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ സരിത സുജി, കുഞ്ഞന്‍ തമ്പി, ശ്രീമോള് ഷാജി, ഡോ. സുബിന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

