ഇടുക്കി: മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ സംഭവത്തില്‍ യുവാവിനെതിരേ കേസ്. ബൈസന്‍വാലി സ്വദേശി ബോബി ഫിലിപ്പിനെതിരേയാണ് (38) പരാതി. തൊടുപുഴ കരിമണ്ണൂര്‍ ശാഖയിലെ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് തവണയായി ഒന്നരലക്ഷം കവര്‍ന്ന കേസിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ശാഖാ മാനേജരുടെ പരാതിയെ തുടര്‍ന്നാണ് കരിമണ്ണൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
ബൈസണ്‍വാലി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ഇയാള്‍ ഉടുമ്പന്നൂരിലാണ് താമസം. കോട്ടയം ഗാന്ധിനഗര്‍, അങ്കമാലി, വെങ്ങല്ലൂര്‍, എളമക്കര, കുറുപ്പുംപടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചുരുങ്ങിയ നാളുകള്‍കൊണ്ട് കോടികളുടെ സ്വത്താണ് ഇയാള്‍ സമ്പാദിച്ചിട്ടുള്ളത്. ബാങ്ക് അധികൃതര്‍ക്കുപോലും തിരിച്ചറിയാനാവാത്ത വിധത്തില്‍ ആരാണ് ഇയാള്‍ക്ക് മുക്കുപണ്ടം നിര്‍മിച്ചുനല്‍കുന്നത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുക്കുപണ്ടം വില്ക്കാന് തട്ടിപ്പുകാര്‍ സാധാരണ സ്വര്ണക്കടയിലേക്ക് പോകാറില്ല. എന്നാല്‍, ബാങ്കുകളില്‍ പണയംവച്ച കേസുകള്‍ പലപ്പോഴും ഉയരുന്നുമുണ്ട്. പണയംവച്ച് മാസങ്ങള്‍ക്കുശേഷം മുക്കുപണ്ടമാണെന്നു കണ്ടെത്തുന്നതും സംശയാസ്പദമാണ്. പണയം എടുക്കുമ്പോള്‍ തിരിച്ചറിയാത്തവര്‍ ലോക്കറില്‍ ഇരിക്കുമ്പോള്‍ തിരിച്ചറിയുന്നത് എങ്ങനെയാണ് എന്നതാണ് സംശയം ഉയര്‍ത്തുന്നത്.

