തൃശൂര്‍: പോക്സോ കുറ്റവാളികള്‍ക്ക് ശരിയായി കേസ് നടത്തി ശിക്ഷ നല്കുന്നതില് കേരളം ഏറെ മുന്നില്‍. 80 % പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്കാന് കഴിയുന്നുണ്ടെന്നത് മികച്ച നേട്ടമായി വിലയിരുത്തുന്നു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 20.5 ശതമാനത്തില്‍ മാത്രമാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പലയിടത്തും വിട്ടയക്കപ്പെടുന്നത് 50 ശതമാനത്തിലേറെ പേരാണ്. നാലു ലക്ഷം കേസുകള്‍ അടിസ്ഥാനപ്പെടുത്തി ലോകബാങ്കിന്റെ ഡേറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോമുമായി സഹകരിച്ച് സ്വകാര്യസംഘടനയായ സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്.
എ ഡിക്കേഡ് ഓഫ് പോക്സോ എന്ന പേരിലുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടു. പ്രതികളെ ശിക്ഷിക്കുന്നതില്‍ മുന്നിലാണെങ്കിലും കേരളത്തില്‍ കേസ് തീര്‍പ്പാക്കുന്നത് ഏറെ സമയമെടുത്താണ് എന്ന ന്യൂനതയുണ്ട്. ഫാസ്റ്റ് ട്രാക് കോടതികളിലും അന്തിമവിധി വരാന്‍ കുറേക്കാലം കാത്തിരിക്കേണ്ടിവരുന്നു. പോക്സോ നിയമപ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കുന്നതില്‍ മുന്നില്‍ ചണ്ഡീഗഢും പശ്ചിമബംഗാളും മാത്രമാണ്.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നു എന്നാണ് കണ്ടെത്തല്‍. നിയമം പ്രാബല്യത്തില്‍ വന്ന് 10 വര്‍ഷം പിന്നിടുമ്പോള്‍ 14.03 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ രാജ്യത്തൊട്ടാകെ ശിക്ഷിക്കപ്പെട്ടത്. 43.44 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. ആന്ധ്രാപ്രദേശില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണത്തിന്റെ ഏഴിരട്ടി പേര് കുറ്റവിമുക്തരാക്കപ്പെടുന്നു. പശ്ചിമ ബംഗാളില്‍ ഇത് അഞ്ചിരട്ടിയാണ്.
കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള കോടതികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം 2019-2020 നിടയില്‍ കുത്തനെ വര്‍ധിച്ച് 24,863 ആയി. പ്രതികളാവുന്നവരില്‍ അധികവും അടുത്ത ബന്ധുക്കളെ പരിചയക്കാരോ ആണെന്നതും കേസുകളിലെ പ്രത്യേകതയാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഇതിനു തുനിയുന്നതെന്ന് വ്യക്തമാകുന്നു. കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സമൂഹം തയാറായാല്‍ നല്ലൊരുപരിധി വരെ പീഡനങ്ങള്‍ തടയാനാകും.

