മട്ടന്നൂര്‍: ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ വിമാനത്താവള പ്രവര്‍ത്തനം നാലുവര്‍ഷം തികയും. വിമാനത്താവളം നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിനുമുമ്പുതന്നെ കേരളത്തില്‍ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളമായി കണ്ണൂരിനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്.
കാനാട്, കോളിപ്പാലം മേഖലകളിലായി 250 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. പി.ഡബ്ല്യു.ഡി. വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കേണ്ട സ്ഥലത്ത് വസ്തുവകകളുടെ മൂല്യനിര്‍ണയവും നടത്തിയിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിന് വേണ്ട സ്ഥലവും കണ്ടെത്തി. എന്നാല്‍ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. കാനാട്ട് വിമാനത്താവളപ്രദേശത്തുനിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകി വീടുകള്‍ അപകടാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ഒഴിപ്പിക്കപ്പെട്ട ഏഴു വീടുകള്‍ ഏറ്റെടുക്കുന്നതും അനിശ്ചിതത്വത്തിലാണ്. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം ഇവരുടെ സ്ഥലവും ഏറ്റെടുക്കാനാണു തീരുമാനിച്ചിരുന്നത്. പുനരധിവാസവും നഷ്ടപരിഹാരവും ലഭിക്കാതെ വാടക വീട്ടിലാണ് വര്‍ഷങ്ങളായി ഈ വീട്ടുകാര്‍ കഴിഞ്ഞുകൂടുന്നത്.
168 വീടുകളാണ് ഏറ്റെടുക്കേണ്ട സ്ഥലത്ത് ഉള്‍പ്പെട്ടിട്ടുള്ളത്. കീഴല്ലൂര്‍, കൂടാളി വില്ലേജുകളിലായി 14.65 ഹെക്ടര്‍ സ്ഥലമാണ് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനായി കണ്ടെത്തിയത്. ഈ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുമതി ആയതാണ്.
വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റിനായി കല്ലേരിക്കര ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടില്ല. 56 പേരുടെ വീടും സ്ഥലവുമാണ് അപ്രോച്ച് ലൈറ്റ് നിര്‍മാണത്തിനായി ഏറ്റെടുത്തത്. ഇവര്‍ക്ക് പുനരധിവാസത്തിന് കൊക്കയിലില്‍ സ്ഥലം അനുവദിച്ചെങ്കിലും ഏതാനുംപേര്‍ക്ക് മാത്രമാണ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. പുനരധിവാസ ഭൂമിയില്‍ റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും നടപടിയായിട്ടില്ല. ഭൂമിയേറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്‍കാനായി 1500 കോടി രൂപയെങ്കിലും വേണ്ടിവരും. ഇതു കണ്ടെത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

