ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റെടുത്ത കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിനിന് ജയിലില്‍ വി.ഐ.പി. പരിഗണന നല്കിയ തിഹാര്‍ ജയില്‍ സൂപ്രണ്ടിനു സസ്പെന്ഷന്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ രൂപീകരിച്ച അന്വേഷണ സമിതിയുടെ ശിപാര്‍ശ പ്രകാരം സൂപ്രണ്ട് അജിത് കുമാറിനെയാണു സസ്പെന്‍ഡ് ചെയ്തത്.
സാമ്പത്തികത്തട്ടിപ്പു കേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍ ലഫ്. ഗവര്‍ണര്‍ക്കയച്ച ആരോപണക്കത്താണ് അന്വേഷണത്തിനു വഴിവച്ചത്. സത്യേന്ദര്‍ ജയിനിനെ വര്‍ഷങ്ങളായി അറിയാമെന്നും ജയിലില്‍ പ്രത്യേക പരിഗണനയ്ക്കുള്പ്പെടെ കോടികള്‍ മന്ത്രിക്കും ആം ആദ്മി പാര്‍ട്ടിക്കും കൈമാറിയെന്നുമായിരുന്നു ആരോപണം. ഡയറക്ടര്‍ ജനറല്‍ (പ്രിസണ്‍സ്) സന്ദീപ് ഗോയല്‍ മുഖേന സത്യേന്ദര്‍ ജെയിന് 10 കോടി രൂപ നല്കാന് നിര്‍ബന്ധിതനായെന്നും സുകേഷ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഗോയലിനെ തിഹാര്‍ ജയിലില്‍നിന്നു സ്ഥലംമാറ്റി.
ജയില്‍വാസത്തിനിടെ മന്ത്രിക്കു പ്രത്യേക പരിഗണന ലഭിച്ചെന്ന സുകേഷിന്റെ ആരോപണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ശരിവച്ചിരുന്നു.കഴിഞ്ഞ മേയ് 30-ാണ് മന്ത്രി അറസ്റ്റിലാകുന്നത്. അതിനുശേഷം ബഹുഭൂരിപക്ഷം സമയവും വിവിധ ആനുകൂല്യങ്ങള്‍ പറ്റി ആശുപത്രിയിലാണു ജയിന് കഴിഞ്ഞിരുന്നതെന്നും മന്ത്രിക്കായി പ്രത്യേക ഭക്ഷണം എത്തിച്ചിരുന്നതായും കോടതിയില്‍ ഇ.ഡി. വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ലഫ്. ഗവര്‍ണര്‍ രൂപീകരിച്ച അന്വേഷണ സമിതിയും മന്ത്രിക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയത്. ഇതിന് ഉത്തരവാദിയെന്ന നിലയിലാണ് തിഹാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത്.

