ഇടുക്കി: അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ബാബുരാജിന്റെ ആത്മഹത്യ തൊഴില്‍പീ ഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ എൽ ജോസഫിന്റെ പീഡനത്തെ തുടർന്നാണെന്ന് പഞ്ചായത്ത് അംഗം പി എ വേലു കുട്ടൻ ആരോപിച്ചു.
സിപിഎം നേതാവ് നടത്തിയ കലുങ്ക് നിർമ്മാണത്തിലെ അപാകത ബാബുരാജ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പണം അനുവദിക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. വാർഡിലെ വീട് നിർമ്മാണത്തിൽ ജോസഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ടായിരുന്നു. കൈക്കൂലി ബാബുരാജിന് നൽകാൻ എന്നായിരുന്നു ഗുണഭോക്താക്കളെ അറിയിച്ചിരുന്നതെന്നും വേലു കുട്ടൻ ആരോപിക്കുന്നു.
ഇതേ ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്ന് വേലുക്കുട്ടൻ പറയുന്നു. അഴിമതിയെ ചോദ്യം ചെയ്തതാണ് ബാബുരാജിന്റെ ആത്മഹത്യക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്തംഗങ്ങളില്‍ ചിലരും ഉദ്യോഗസ്ഥരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം 03/11/22 വ്യാഴാഴ്ച സംസ്കരിക്കും.
ആവോലിയിലെ വീട്ടിനു മുകളില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുരാജിനെ കണ്ടെത്തുന്നത്. തൊട്ടടുത്തു നിന്നും മൂന്നു പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി. അസിസ്റ്റന്റ് എഞ്ചിനിയറായി ജോലിചെയ്ത അറക്കുളം ഗ്രാമപഞ്ചായത്തിലെ അംഗങ്ങളുടെ അഴിമതി ചോദ്യം ചെയ്തത് മരണത്തിന് കാരണമായെന്ന് കുറിപ്പില്‍ പറയുന്നു. ലൈഫ് പദ്ധതിക്കടക്കം കൈക്കൂലി വാങ്ങുന്ന പഞ്ചായത്തംഗങ്ങൾക്ക് എതിരെ നിലപാടെടുത്തതോടെ ബോര്‍ഡ് യോഗത്തിലും പുറത്തും നിരന്തരം അപമാനിക്കാന്‍ ശ്രമിച്ചു. ഇതൊന്നും താങ്ങാനാവാത്തതിനാൽ ജീവനൊടുക്കുന്നുവെന്നാണ് അത്മഹത്യകുറിപ്പ്.
ആത്മഹത്യകുറിപ്പില്‍ ഇടുക്കി ജില്ലയിലെ ചില മുതിര്‍ന്ന സിപിഎം നേതാക്കളുടെ പേരുണ്ടെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇതാരുടെയൊക്കെയെന്ന് വ്യക്തമാക്കാന്‍ പോലീസ് തയാറായില്ല. അതേസമയം ആത്മഹത്യകുറിപ്പ് ഗൗരവമുള്ളതെന്ന് പോലീസ് പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ബാബുരാജിന്റെ സംസ്കാര ശേഷം ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കും.