ആലപ്പുഴ: ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധന നടത്താന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പനയ്ക്കും ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കും. അങ്കണവാടികള്‍ വഴി നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തും. പൊതുവിപണിയില്‍ പരിശോധന ശക്തമാക്കുക, ആര്‍.ഒ. പ്ലാന്റുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.
വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, മായം കലര്‍ന്ന ഭക്ഷണ സാധനങ്ങളുടെ വില്‍പ്പന, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നിവ തടയുന്നതിനായി ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിക്കാനും കര്‍ശന പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിത ബീഗം, ജില്ല സപ്ലൈ ഓഫീസര്‍ റ്റി. ഗാനാദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ ഷൈനി വാസവന്‍, എം.ജി. സാബു, അബ്ദുല്‍ ലത്തീഫ്, ഷാജി ബേബി, റസിയാ ബീഗം, ജ്യോതി ലക്ഷ്മി, മായാദേവി, സീനാ എല്‍.സി., സൂസന്‍ ചാക്കോ, എന്‍. ശ്രീകുമാര്‍, ജയപ്രകാശ്, ബിമല്‍ വി.റ്റി, ജി. ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.