ന്യൂഡല്‍ഹി: 30 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ച് ലിവര്‍ പൂള്‍. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി പരാജയപ്പെടുത്തിയതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. കിരീടം നേടിയതോടെ പുതിയൊരു റെക്കോര്‍ഡും ലിവര്‍പൂള്‍ തങ്ങളുടെ പേരില്‍ കുറിച്ചു. ഏറ്റവും വേഗത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ടീമെന്ന നേട്ടത്തിനാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ കുട്ടികള്‍ അവകാശികളായത്. സീസണില്‍ ഇനിയും ഏഴു കളികള്‍ നടക്കാനിരിക്കെയാണ് ലിവര്‍പൂള്‍ ഒന്നംസ്ഥാനമുറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും ഏഴു റൗണ്ടുകള്‍ ബാക്കിനില്‍ക്കെ ചാംപ്യന്‍മാരായിട്ടില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും പങ്കിട്ട റെക്കോര്‍ഡാണ് ലിവര്‍പൂള്‍ പഴങ്കഥയാക്കിയത്. 2000-01ല്‍ യുനൈറ്റഡും 2017-18ല്‍ സിറ്റിയും അഞ്ചു റൗണ്ടുകള്‍ ബാക്കി നില്‍ക്കെ ചാംപ്യന്‍മാരായതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.ഇതിന് മുമ്പ് 1989-90 സീസണിലാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായിട്ടുള്ളത്.
അതേസമയം, കിരീട നേട്ടം ക്ലബ്ബ് ഇതിഹാസങ്ങള്‍ക്കും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നതായി പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് പ്രതികരിച്ചു.
”ഇതൊരു വലിയ നേട്ടമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ ആകെ അമ്പരന്നിരിക്കുകയാണ്. ഏറെ സമ്മര്‍ദത്തോടെയാണ് ചെല്‍സി – സിറ്റി മത്സരം കണ്ടത്. കിരീടത്തിനായി എനിക്ക് 30 വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. എന്നാല്‍ ക്ലബ്ബിന്റെയും ആരാധകരുടെയും കാര്യം അങ്ങനെയായിരുന്നില്ല. എന്റെ കാത്തിരിപ്പ് നാലു വര്‍ഷം മാത്രമായിരുന്നു.” – ക്ലോപ്പ് പറഞ്ഞു. ലിവര്‍പൂള്‍ പോലെ ചരിത്രപ്രസിദ്ധമായ ക്ലബിന് കിരീട നേട്ടം സമ്മാനിക്കാനായതില്‍ അഭിമാനമുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. 30 വര്‍ഷം മുമ്പ് ലിവര്‍പൂള്‍ കിരീടം നേടുമ്പോള്‍ പരിശീലകനായിരുന്ന കെന്നി ഡാഗ്ലിഷ്, സ്റ്റീവന്‍ ജെറാര്‍ഡ് തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമായിരുന്നു.അതേസമയം ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ പരിശീലകനെന്ന നേട്ടവും ക്ലോപ്പ് സ്വന്തമാക്കി.
കൊറോണ വൈറസ് മൂലം മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന പ്രീമിയര്‍ ലീഗ് മാറ്റിവയ്ക്കുകയായിരുന്നു. ജൂണ്‍ 17 മുതലാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഇന്നലെ നടന്ന ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിനുശേഷം പോയിന്റ് അടിസ്ഥാനത്തിലാണ് ലിവര്‍ പൂള്‍ വിജയകിരീടമണിഞ്ഞത്.
ലിവര്‍ പൂളിന് 31 മാച്ചുകളില്‍ നിന്ന് 28 വിജയവും ഒരു തോല്‍വിയും രണ്ടു സമനിലയുമായി 86 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 31 മത്സരങ്ങളില്‍നിന്ന് 20 ജയവും 8 തോല്‍വിയും 3 സമനിലയുമായി 63 പോയിന്റുകളാണ് നേടാനായത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകട്ടെ 31 മത്സരങ്ങളില്‍ 13 ജയവും 8 തോല്‍വിയും 10 സമനിലയുമായി 49 പോയിന്റുമായി അവസാനസ്ഥാനത്തെത്തുകയായിരുന്നു.
സിറ്റിയേക്കാള്‍ 23 പോയിന്റ് മുന്നിലുള്ള ലിവര്‍പൂളിന്റെ കിരീടധാരണം നേരത്തേ തന്നെ ഉറപ്പായിരുന്നു. സിറ്റിക്കു നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ചെല്‍സിക്കെതിരേ ജയം അനിവാര്യമായിരുന്നു. എന്നാല്‍ ചെല്‍സിയോട് അവരുടെ മൈതാനത്ത് സിറ്റി തലകുനിച്ചതോടെ ലിവര്‍പൂള്‍ അര്‍ഹിച്ച കിരീടം പിടിച്ചെടുക്കുകയും ചെയ്തു. ക്രിസ്റ്റ്യന്‍ പുലിസിച്ച് (36ാം മിനിറ്റ്), വില്ല്യംന്‍ (78) എന്നിവരുടെ ഗോളുകളാണ് സിറ്റിക്കെതിരേ് ചെല്‍സിക്കു ജയം സമ്മാനിച്ചത്. സിറ്റിയുടെ ഗോള്‍ 55ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്നയുടെ വകയായിരുന്നു. 77ാം മിനിറ്റില്‍ ഫെര്‍ണാണ്‍ഡീഞ്ഞോ നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് തോല്‍വിക്കൊപ്പം സിറ്റിക്കു മറ്റൊരു നാണക്കേടായി മാറി.

