പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വളര്‍ത്തു മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. 552 വളർത്തു മൃഗങ്ങൾക്കാണ് സെപ്റ്റംബർ മാസം വരെ വാക്സിനേഷൻ നൽകിയത്. ഇതിൽ 545 നായ്ക്കളും ഏഴ് പൂച്ചകളും ഉൾപ്പെടുന്നു.
പഞ്ചായത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പുകളിലൂടെയും ചോറ്റാനിക്കര മൃഗാശുപത്രിയിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.
പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി റാബീസ് വാക്സിനാണ് വളർത്തുമൃഗങ്ങൾക്ക് നൽകിയത്. മൂന്നു മാസത്തിന് മുകളിൽ പ്രായമുള്ളതും രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ളതും നിലവിൽ വാക്സിൻ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞതുമായ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കുമാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. ഇതിനായി ഒരു വളർത്തുമൃഗത്തിന് 30 രൂപ എന്ന നിരക്കിലാണ് ചാർജ് ഈടാക്കിയത്. വാക്സിൻ എടുത്ത വളർത്തുമൃഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്തിൽ പൂർത്തിയായിട്ടുണ്ട്.
കൂടാതെ സെൻസസ് പ്രകാരം ഉടമസ്ഥരുള്ള 671 നായ്ക്കളാണ് പഞ്ചായത്തിലുള്ളത്. പേവിഷഭീതി ഒഴിവാക്കുന്നതിനായി തെരുവ് മൃഗങ്ങളുടെ കടിയേറ്റ 21 വളർത്തു മൃഗങ്ങൾക്കും പഞ്ചായത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്.
പേവിഷ ഭീഷണി വ്യാപകമായ സാഹചര്യത്തിലാണ് വളർത്തു നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നിർബന്ധമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. പഞ്ചായത്തിന്റെ 2022-23 വർഷത്തെ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി മുഴുവൻ വളർത്തു മൃഗങ്ങൾക്കും വാക്സിൻ, ലൈസൻസ് സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനായി വിവിധ ക്യാമ്പുകളും പഞ്ചായത്തിന് കീഴിൽ നടത്തുന്നുണ്ട്. വാക്സിൻ നൽകാത്ത നായ്ക്കളെ വളർത്തുന്നതും അലഞ്ഞു തിരിയാൻ അനുവദിക്കുന്നവരെ കണ്ടെത്തുന്നതിനായി റസിഡൻസ് അസോസിയേഷനുകൾ മുഖേന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ആർ. രാജേഷ് പറഞ്ഞു.

