ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം

ന്യൂ ഡൽഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം. വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി അറിയിച്ചു. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ വിവിര ശേഖരണത്തിന്റെ വിശദാംശങ്ങളും ജോസ് കെ മാണി പുറത്ത് വിട്ടു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മൂന്ന് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രധാന ഘടക കക്ഷി തന്നെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുന്നത്.

മൂന്നു മാസത്തിനകം ബഫര്‍ സോണ്‍ പ്രദേശങ്ങളിലെ ജനവാസ മേഖലകള്‍ സംബന്ധിച്ച കണക്കുകള്‍ നല്‍കാന്‍ സുപ്രീം കോടതി നിശ്ചയിച്ചിരുന്നു. കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ ഒരു പരിധിവരെ ശേഖരിച്ചതായാണ് വനം വകുപ്പിന്റെ വാദം. പ്രാഥമിക റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പോരെന്നാണ് ജോസ് കെ മാണി പറയുന്നത്. ബഫര്‍ സോണ്‍ ബാധിക്കുന്ന പ്രദേശങ്ങളി‍ല്‍ നേരിട്ടെത്തി പഠനം നടത്തണം. ഇതിനായി പ്രത്യേക സമിതിയെ വയ്ക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വന്തം നിലയില്‍ ആഘാതം സംബന്ധിച്ച് പഠനം നടത്തി ഈ വിവരങ്ങള്‍ എംപവേര്‍ഡ് കമ്മിറ്റ് കൈമാറിയ ശേഷമായിരുന്നു ദില്ലിയില്‍ ജോസ് കെ മാണിയുടെ ഈ പ്രതികരണം.

അതിനിടെ സ്വന്തം നിലയില്‍ വിവര ശേഖരണം നടത്താന്‍ താമരശ്ശേരി രൂപതയും തീരുമാനിച്ചിട്ടുണ്ട്. ഇടവകകള്‍ തോറും ഹെല്‍പ് ഡെസ്കുകള്‍ രൂപകരിച്ച് പരാതികള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനും എംപവേര്‍ഡ് കമ്മിറ്റിക്കും അയക്കാനാണ് തീരുമാനം. പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി വീടുകളുടെയും സ്ഥലങ്ങളുടെയും കണക്കുകള്‍ ശേഖരിക്കണമെന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രമേയങ്ങള്‍ പാസാക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും എംപവേര്‍ഡ് കമ്മിറ്റിക്കും അയച്ച് കൊടുക്കണമെന്നും രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →