സൂര്യഗ്രഹണം കൊറോണയെ ഇല്ലാതാക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് സര്‍ക്കാര്‍: സൂര്യനും കൊറോണയും തമ്മിലുള്ള ബന്ധം അറിയാം.

ന്യൂഡല്‍ഹി: ഇന്ന് ഞായറാഴ്ച (21-06-2020) നടക്കുന്ന സൂര്യഗ്രഹണം കോവിഡ് വൈറസിനെ ലോകത്ത് നിന്ന് തുടച്ച് നീക്കുമെന്ന പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് സര്‍ക്കാര്‍. സുര്യഗ്രഹണം വീക്ഷിക്കുന്നതിന് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ക്കൊപ്പമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇന്നലെ(20-06-20)യാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ലോകം കോവിഡ് 19ന്റെ ഭീതിയില്‍ നില്‍ക്കെയാണ് ഇത്തവണ ഗ്രഹണം ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ സൂര്യ ഗ്രഹണം കൊറോണ വൈറസിനെ നശിപ്പിക്കുമോ? എന്ന് ഗൂഗിളില്‍ ഇന്ത്യക്കാര്‍ വ്യാപകമായി സെര്‍ച്ച് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ചൂടുള്ള അന്തരീക്ഷമോ, സൂര്യ ഗ്രഹണമോ ഒന്നും കൊറോണ വൈറസിനെ കൊല്ലില്ല. കൈ 20 സെക്കന്‍ഡ് നേരം ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുക, ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, മാസ്‌ക് ധരിക്കുക, സമ്പര്‍ക്കം ഒഴിവാക്കുക. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നത് മാത്രമാണ് നിലവില്‍ അവ ശരീരത്തെ ബാധിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.ചൂടുള്ള അന്തരീക്ഷത്തില്‍ കൊറോണ വൈറസ് നിലനില്‍ക്കില്ലെന്ന വാദം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാണെന്ന് പറഞ്ഞ് ലോകാരോഗ്യ സംഘടന ഈ വാദം തള്ളിക്കളയുകയായിരുന്നു.

ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസുമായി സൂര്യ ഗ്രഹണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ശാസ്ത്ര ലോകം നല്‍കുന്ന ഉത്തരം. 2019 ഡിസംബര്‍ 26നുണ്ടായ സൂര്യ ഗ്രഹണത്തിന് പിന്നാലെയാണ് കൊറോണ വൈറസ് വ്യാപനമുണ്ടായത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈയൊരു വാദത്തിന് ശാസ്ത്രീയ ബലമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊറോണ വൈറസും സൂര്യ ഗ്രഹണവും തമ്മിലുള്ള ആകെ ബന്ധം സൂര്യന്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1986ലാണ് കൊറോണ വൈറസ് എന്ന പദം വന്നത്. മൈക്രോസ്‌കോപ്പിലൂടെ ശാസ്ത്രജ്ഞര്‍ നോക്കിയ സമയത്ത് സൗര ഗ്രഹത്തിന്റെ മാതൃകയിലാണ് അവര്‍ വൈറസിനെ കണ്ടത്. ഇതോടെയാണ് കൊറോണ എന്ന പദം അവര്‍ സ്വീകരിക്കുന്നത്. കൊറോണ എന്നാല്‍ (ക്രൗണ്‍) കിരീടം എന്ന അര്‍ഥത്തിലാണ് ശാസ്ത്രജ്ഞര്‍ പേര് കണ്ടെത്തിയത്. സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യനു ചുറ്റുമുള്ള വാതകങ്ങളുടെ ശോഭയുള്ള വട്ടം കിരീടം പോലെ കാണുന്നതാണ് കൊറോണ എന്ന പേരുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന ആകെയുള്ള ബന്ധം.

സമാന നിരീക്ഷണമാണ് നാസയും പങ്കിടുന്നത്. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം ഭാഗമാണ് സൂര്യന്റെ കൊറോണ (ക്രൗണ്‍). സൂര്യന്റെ ഉപരിതലത്തിലെ പ്രകാശത്താല്‍ ഇത് മറഞ്ഞിരിക്കും. വലയ സൂര്യ ഗ്രഹണ സമയത്ത് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ഈ കൊറോണ (ക്രൗണ്‍) കാണാന്‍ സാധിക്കുമെന്നും നാസ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →