ദേശീയ പതാക തയാറാക്കുന്നവരെ കാണാന്‍ ജില്ലാ കളക്ടറെത്തി

കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള പന്തളം മുളമ്പുഴയിലെ നേച്ചര്‍ ബാഗ്‌സ് ആന്‍ഡ് ഫയല്‍സ് തയ്യല്‍ യൂണിറ്റില്‍ അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എത്തി. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്തേണ്ട ദേശീയ പതാകകള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു ഇവിടുത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സ്ഥലം നേരിട്ട് സന്ദര്‍ശിക്കാനുമായിരുന്നു ജില്ലാ കളക്ടറുടെ സന്ദര്‍ശനം.

രാപകലില്ലാതെ ദേശീയ പതാക തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍.  സ്ത്രീകളുടെ സ്‌നേഹകൂട്ടായ്മയുടെ കരുത്തും കരുതലും കാര്യപ്രാപ്തിയും ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്ന ഒരു അനുഭവമാണ് ഇതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുടുംബശ്രീയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും കുടുംബശ്രീ തയാറാക്കിയ 1.50 ലക്ഷം  ദേശീയ പതാകകളാണ് പാറിപ്പറക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 150040 പതാകകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. പതാകയുടെ വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് നിര്‍വഹിക്കും. 30 രൂപയാണ് പതാകയുടെ വില. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →