ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞന്‍

ജറുസലേം: അണ്ഡം, ബീജം എന്നിവയില്ലാതെ ഭ്രൂണം നിര്‍മിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞന്‍. മൂലകോശങ്ങളെ ഭ്രൂണമാക്കി മാറ്റിയത് ഇസ്രയേലിലെ വെയ്സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് കണ്ടെത്തല്‍. 3ഡി ബയോപ്രിന്റര്‍ എന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രലോകം ഒരു പടികൂടി അടുത്തതായി ഗവേഷണ സംഘാംഗമായ പ്രഫ. ജേക്കബ് ഹന്ന അറിയിച്ചു. ഇത്തരം ഭ്രൂണത്തെ സിന്തറ്റിക് ഭ്രൂണമെന്നാണു വിശേഷിപ്പിക്കുന്നത്. ബീജസങ്കലനം നടത്തിയ അണ്ഡങ്ങള്‍ ഉപയോഗിക്കാതെ നിര്‍മിച്ചതിനാലാണ് ഈ വിശേഷണം. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും പേശികളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് മനസിലാക്കാന്‍ ഗവേഷണം സഹായമാകും. ഭാവിയില്‍ മനുഷ്യരില്‍ അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സിന്തറ്റിക് ഭ്രൂണങ്ങള്‍ സഹായകമാകും. എന്നാല്‍, ഇതു യാഥാര്‍ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. എലികളുടെ ഭ്രൂണത്തെ അപേക്ഷിച്ചു മനുഷ്യഭ്രൂണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്നതാണു കാരണം. മനുഷ്യ ഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും നിയന്ത്രണമുണ്ട്. സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് പ്രാഫ. ഹന്ന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →