കാസർകോട്: കർണാടക ട്രാൻസ്പോർട്ട് ബസിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപണം പിടിച്ചു. .മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം കണ്ടെത്തിയത്. പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാൽ ചോപഡെയെ അറസ്റ്റ് ചെയ്തു.
മംഗലാപുരത്ത് നിന്നും കാസർകോട്ടേക്ക് പോകുന്ന കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്നാണ് പണം പിടികൂടിയത്. രേഖകളില്ലാതെ കടത്തിയ 36,47,000 രൂപയാണ് പിടിച്ചെടുത്തത്. മുംബൈയിൽ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. നേരത്തേയും ഇയാൾ രേഖകളില്ലാതെ പണം കടത്തിയതായി മൊഴി നൽകിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇത്തരത്തിൽ കാസർകോട്ടേക്ക് പണം കടത്തിയതെന്നാണ് ഇയാൾ പറയുന്നത്.