ഉദയ്പുര്‍: ഉദയ്പുര്‍ കൊലപാതകത്തില്‍ പാക് ഭീകരസംഘടനാബന്ധം വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രവാദ ബന്ധമെന്ന സൂചന നല്‍കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ പോലീസ്. കൊലപാതകികളില്‍ ഒരാളായ റിയാസ് അക്താരി തന്റെ ബൈക്കിന് 2611 എന്ന നമ്പര്‍ കിട്ടാന്‍ കൂടുതല്‍ പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ മുംബൈ 26/11നെ ഓര്‍മിപ്പിക്കുന്ന ഈ നമ്പര്‍ ചോദിച്ചുവാങ്ങി എന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറത്തു ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇതേ ബൈക്കിലാണ് പ്രതികള്‍ രണ്ടുപേരും രക്ഷപ്പെട്ടത്. ആര്‍.ജെ. 27 എ.എസ്. 2611 എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള ബൈക്ക് ഉദയ്പുരിലെ ധന്‍ മാണ്ഡി സ്റ്റേഷനിലാണ് ഇപ്പോള്‍.നമ്പര്‍ ചോദിച്ചുവാങ്ങിയ റിയാസ് അയ്യായിരം രൂപ അധികം നല്‍കിയിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. 2014 മുതല്‍ റിയാസിന്റെ മനസിനുള്ളില്‍ എന്തായിരുന്നു എന്നു വെളിപ്പെടുത്താന്‍ ഈ തുമ്പ് നിര്‍ണായകമാകുമെന്നാണ് പോലീസ് കരുതുന്നത്. 2013-ല്‍ എച്ച്.ഡി.എഫ്.സി. ബാങ്കില്‍നിന്ന് വായ്പയെടുത്താണ് െബെക്ക് വാങ്ങിയതെന്നും 2014 മാര്‍ച്ചില്‍ തന്നെ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍. പട്ടാപ്പകല്‍ റിയാസും കൂട്ടാളിയും ചേര്‍ന്ന കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ ശരീരത്തില്‍ 26 പരുക്കേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകം വീഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍ ഇതു സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.സംഭവം നടന്ന കനയ്യലാലിന്റെ കടയ്ക്ക് എഴുപതു മീറ്റര്‍ അകലെ ബൈക്ക് വച്ചശേഷമാണ് അക്രമികളെത്തിയത്.ലാലിനെ കഴുത്തറത്തുകൊന്നശേഷം ഈ ബൈക്കില്‍ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. ഐ.എസ്. മാതൃകയിലുള്ള കൊലപാതകം ആണ് നടന്നത് എന്നാണ് മുന്‍ ഐ.പി.എസ്. ഓഫീസറുടെ വിലയിരുത്തല്‍.
ഉദയ്പുര്‍ കൊല: പ്രതി തന്റെ ബൈക്കിന് 2611 എന്ന നമ്പര്‍ കിട്ടാന്‍ കൂടുതല്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍
