മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുടുംബ സൗഹൃദ കൃഷിക്ക് ആവശ്യമായ കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു.
കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞള്ളൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ബ്ലോക്കിലെ മറ്റു കൃഷിഭവനുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.
ഒരു കുടുംബം- ഒരു ഡ്രയർ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ ജോസ് അഗസ്റ്റിൻ നിർവഹിച്ചു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനായ പൊന്നപ്പനെ മേളയിൽ എംഎൽഎ ആദരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പച്ചക്കറി വിത്ത് വിതരണോദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിതകുമാരി നിർവഹിച്ചു.
കാർഷിക യന്ത്രങ്ങൾ കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കുക, കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് സർക്കാർ കാർഷിക യന്ത്രവൽക്കരണ പദ്ധതി / സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എന്നിവ വഴി നൽകുന്ന സാമ്പത്തിക സഹായങ്ങൾ കർഷകരെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.
മാറുന്ന കാലാവസ്ഥയിൽ ജാതി, കൊക്കോ, കപ്പ, ചക്ക മുതലായ വിളകളുടെ മൂല്യവർദ്ധനവിനായി ഒരു കുടുംബം- ഒരു ഡ്രയർ എന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള ഡ്രയറുകളുടെ വിവരണങ്ങളും ഈ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷനും മേളയിൽ ഒരുക്കിയിരുന്നു.
മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ സമീപത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് സംഘടിപ്പിച്ച മേളയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പോൾ, എഡിഎ ഷാനി തോമസ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ആരിഫ ടി എം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ഹരിത, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി സ്റ്റാഫ് നിഷാന്ത്, ബ്ലോക്ക് മെമ്പർമാരായ കെ ജി രാധാകൃഷ്ണൻ, ജോസി ജോളി, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

