വനം-റവന്യൂ വകുപ്പുകളുടെ അനീതിക്കെതിരെ ചിന്നക്കനാലിൽ പ്രക്ഷോഭം

ഇടുക്കി : ചിന്നക്കനാലില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നു. വനംവകുപ്പിന്റെ താത്പര്യത്തിനായി റവന്യൂ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് കര്‍ഷകപ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സ്ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം തിങ്കളാഴ്ച (30-05-2022) വൈകീട്ട് 7 മണിക്ക്‌ സിംഗുകണ്ടത്ത് നടന്നു.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ കുടിയേറ്റ കർഷകരും ആദിവാസികളും തോട്ടം തൊഴിലാളികളും സ്ഥിരവാസം ഉറപ്പിച്ചിരുന്ന ചിന്നക്കനാലിലെ കൃഷിക്കാരെ കുടിയിറക്കാനുള്ള നീക്കമാണ് നാട്ടുകാരെ സമരരംഗത്ത് ഇറക്കിയത്.

ആനയിറങ്കൽ ഡാമിൻറെ പരിസരത്ത് ആന പാർക്കും, മതികെട്ടാനേയും ചിന്നാർ വന്യജീവികേന്ദ്രത്തേയും ബന്ധിപ്പിച്ചുകൊണ്ട് ആനത്താരയും ഉണ്ടാക്കുവാൻ ദീർഘനാളായി വനം വകുപ്പ് നടത്തുന്ന നീക്കങ്ങളിൽ തട്ടി ചിന്നക്കനാൽ വില്ലേജിലിലാകെ പട്ടയ നടപടികൾ മരവിച്ചു. ഏഴായിരത്തിലേറെയുള്ള പട്ടയ അപേക്ഷകരിൽ ഒരാൾക്കു പോലും പട്ടയം കിട്ടിയിട്ടില്ല. അതിനു പിന്നാലെ പട്ടയ അപേക്ഷകർ കൂടിയായ കർഷകരെ കുടിയൊഴിപ്പിച്ച് ഭൂമിയിൽ അവകാശം സ്ഥാപിക്കുവാൻ വനംവകുപ്പ് ശ്രമിച്ചു. സിംഗുകണ്ടത്ത് 12 കർഷകരെ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ സംഘടിച്ചതിനെ തുടർന്ന് നടപടി നീട്ടിവെക്കുകയായിരുന്നു.


റവന്യൂ ഭൂമിയിലെ കുടികിടപ്പുകാർക്ക് പട്ടയം നിഷേധിക്കുകയും കൃഷിക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് വാർത്തകൾ പ്രചരിപ്പിക്കുകയും തൊട്ടുപിന്നാലെ കുടിയൊഴിപ്പിക്കുകയും വനംവകുപ്പ് ഭൂമി ഏറ്റെടുക്കുകയും ചെയ്യുന്ന പതിവ് ആവർത്തിക്കുകയാണ് ചിന്നക്കനാലിൽ, എന്ന് കൃഷിക്കാർ പറയുന്നു.

സിംഗുകണ്ടത്ത് നടന്ന പ്രക്ഷോഭത്തിന്റെ വീഡിയോ

പട്ടയം കൊടുത്ത് കുടിയിരുത്തിയ ആദിവാസികളുടെ സെറ്റിൽമെൻററിലേക്കു റോഡും വൈദ്യുതിയും വരുന്നത് തടയുകയും യൂക്കാലി മുറിക്കുന്നതിനും വീട് വയ്ക്കുന്നതിനും തടസ്സം നിൽക്കുകയും ചെയ്ത വനംവകുപ്പ് ഇരുപത് വർഷം കൊണ്ട് ആദിവാസികളെ ഭൂമി ഉപേക്ഷിച്ച് പോകുന്നതിൽ എത്തിച്ചു. ശേഷിക്കുന്നവരെ പ്രലോഭിപ്പിച്ച് പുനരധിവാസഭൂമി ആനപ്പാർക്ക് പദ്ധതിക്ക് കൈമാറാൻ പ്രേരിപ്പിച്ച് വരികയുമാണ്. ഇതിനോടൊപ്പം കൃഷിക്കാരെയും ദ്രോഹിച്ച് പുറന്തള്ളാനുമാണ് ശ്രമിക്കുന്നത് – കൃഷിക്കാർ പറയുന്നു

വനംവകുപ്പിന്റെ ദ്രോഹങ്ങൾക്കും നിർമ്മാണ നിരോധനം അടക്കമുള്ള നടപടികൾക്കുമെതിരെ വളർന്നുവരുന്ന പ്രക്ഷോഭത്തിനൊപ്പം തങ്ങൾ നിലകൊള്ളുമെന്ന് കർഷകർ പറയുന്നു. സിംഗുകണ്ടം ഭൂസമര സമിതി, കിഫ , നീതിസേന തുടങ്ങിയ സംഘടനകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളും കർഷക സമരത്തിൽ പങ്കെടുത്തു.

പന്തം കൊളുത്തി പ്രകടനത്തിനും സമരത്തിനും എൻ എം ശ്രീകുമാർ, യേശുദാസ്, ബേബി വെട്ടിച്ചിറ, പി വി പൗലോസ്, കെ ദ്വരൈരാജ്, ജോഷി പേമരം, സുനിൽ പാറേമാടം, പി കെ പ്രകാശ്, പി ഡി സേവ്യർ, ഇ കെ സൽപതി, ജീവൻ കുമാർ പേഴുംകുടി, എം ബി രാജ, വിജയകുമാർ, സുനി സജീവ്, ഷീബ സജി, മറിയക്കുട്ടി, ഓമന ഈട്ടിക്കൽ, സജി പേമരം, പി ഡി ജോയി, വി സി ജോർജ്, പി ടി മാർക്കോസ്, ജിജോ മോൻ ജോർജ്, രാജൻ പാറേമാടം, മനോജ് കൂനംമാക്കൽ, രമേശ് കുമാർ നടുവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →