ഞങ്ങളും കൃഷിയിലേക്ക്; ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. ചക്കയും മഞ്ഞളും നേന്ത്രക്കായയും പപ്പായയും അരിയും ഇഞ്ചിയും തേനും കൂവയും പുനാര്‍പുളിയും അങ്ങിനെ നാട്ടില്‍ സുലഭമായ വിവിധ വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഒരുക്കും. ഓരോ പഞ്ചായത്തിനും 5 ലക്ഷം രൂപ വീതം ഇടവിള കൃഷികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ലഭിക്കുന്ന വിളകളില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. വെള്ളരി സോപ്പ്, മുരിങ്ങ ടീബാഗ്, പപ്പായ ജ്യൂസ്, ഫേസ്പാക്ക് തുടങ്ങി വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കോടോം ബേളൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഓയില്‍ മില്ലിന്റെയൊപ്പം മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ കൂടി നിര്‍മ്മിക്കും. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം എന്നീ നാല് പഞ്ചായത്തുകളില്‍ നേന്ത്രക്കായ ഉത്പന്നങ്ങളുണ്ടാക്കും.

ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി, കള്ളാര്‍ പഞ്ചായത്തുകള്‍ മഞ്ഞള്‍ ഗ്രാമങ്ങളായി മഞ്ഞള്‍ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കും. പനത്തടി പഞ്ചായത്തില്‍ തേന്‍ പോഷകത്തോട്ടമൊരുക്കും. കോടോംബേളൂരില്‍ കൂവപ്പൊടിയും ഈസ്റ്റ് എളേരിയില്‍ മരച്ചീനി ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും നിര്‍മ്മിപ്പിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ചക്കപ്പൊടി ഉത്പാദിപ്പിക്കും. പള്ളിക്കരയില്‍ പനയാല്‍ ചിപ്സ്, മടിക്കൈയില്‍ ബനാന ചിപ്സ്, ഉദുമ, അജാനൂര്‍ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലും മഞ്ഞള്‍വിത്തും മഞ്ഞള്‍പ്പൊടിയും ഉത്പാദിപ്പിക്കും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ബദിയഡുക്ക, ചെങ്കള, ചെമ്മനാട്, മധൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും ചക്ക ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കും. കുമ്പളയില്‍ പപ്പായയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളൊരുക്കും. മൊഗ്രാല്‍ പുത്തൂരില്‍ മഞ്ഞള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും.  ബ്ലോക്ക് തലത്തില്‍ ചെങ്കള പഞ്ചായത്തില്‍ പച്ച ചക്കപ്പൊടി, ചക്ക ചിപ്സ്, ചക്ക പപ്പടം എന്നിവ നിര്‍മ്മിക്കും.
കാറഡുക്ക ബ്ലോക്കില്‍ മുളിയാര്‍ പഞ്ചായത്തില്‍ മഞ്ഞള്‍ ഉത്പ്പന്നങ്ങളൊരുക്കും. ബേഡകത്ത് ബേഡകം റൈസ്, കൂവപ്പൊടി, മഞ്ഞള്‍പൊടി എന്നിവ നിര്‍മ്മിക്കും. ബെള്ളൂരില്‍ ലോക്കല്‍ റൈസ്, റൈസ് റൊട്ടി എന്നിവയൊരുക്കും. കുമ്പഡാജെയില്‍ കുരുമുളക്, മഞ്ഞള്‍ ഉത്പന്നങ്ങളും കാറഡുക്കയില്‍ റംബൂട്ടാന്‍, തേന്‍ ഉത്പന്നങ്ങളും ദേലമ്പാടിയില്‍ മഞ്ഞള്‍ ഉത്പന്നങ്ങളും കുറ്റിക്കോലില്‍ ഇഞ്ചി ഉത്പന്നങ്ങളുമൊരുക്കും.

മഞ്ചേശ്വരം ബ്ലോക്കില്‍ പുത്തിഗെ പഞ്ചായത്തില്‍ വെള്ളരി സോപ്പ്, മുരിങ്ങ പൗഡര്‍ എന്നിവയുണ്ടാക്കും. മഞ്ചേശ്വരത്ത് പപ്പായ ഉത്പന്നളും വോര്‍ക്കാടിയില്‍ മഞ്ഞള്‍ ഉത്പന്നങ്ങളും, പൈവളിഗെയില്‍ ചേന ഉത്പന്നങ്ങളും, മംഗല്‍പാടിയില്‍ വെള്ളരി ഉത്പന്നങ്ങളും, എണ്‍മകജെയില്‍ പുനാര്‍പുളി ഉത്പന്നങ്ങളും നിര്‍മ്മിക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ മഞ്ഞള്‍ ഉത്പന്നങ്ങള്‍ ഒരുക്കും. നീലേശ്വരം ബ്ലോക്കില്‍ നീലേശ്വരം നഗരസഭ പപ്പായ ഫേഷ്യല്‍ പ്രൊഡക്ട്സ്, ചെറുവത്തൂരില്‍ വാഴപ്പഴം ഉത്പന്നങ്ങള്‍, പടന്നയില്‍ ചേന, കാച്ചില്‍, ചേമ്പ് ഉത്പന്നങ്ങളും ഫേസ്പാക്കും  പിലിക്കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ മഞ്ഞള്‍പൊടി, വലിയ പറമ്പില്‍ വെര്‍ജിന്‍ കോക്കനെട്ട് ഓയിലും നിര്‍മ്മിക്കും. പുതിയതായി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്ന കൃഷി ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കും. പദ്ധതിയുടെ ആദ്യഘട്ടമായി വിവിധ കൃഷിഭവനുകളില്‍ നിന്നും തൈകളും മറ്റ് നടീല്‍ വസ്തുക്കളും നല്‍കി തുടങ്ങി. ജില്ലയില്‍ സുലഭമായ വിളകളില്‍ നിന്നും അമൃതം പൊടിക്ക് സമാനമായി അറുപത് വയസ് പ്രായമായവര്‍ക്ക് നല്‍കാനുള്ള ഹെല്‍ത്ത് പൗഡര്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →