ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച പ്രഗ്ജ്ഞാനന്ദ

ചെന്നൈ: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി രമേശ് ബാബു പ്രഗ്ജ്ഞാനന്ദ ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍.ലോക രണ്ടാം നമ്പര്‍ ചൈനയുടെ ഡിങ് ലിറേനെതിരായ രണ്ടു ദിവസം നീളുന്ന ഫൈനല്‍ ഇന്നലെ രാത്രി തുടങ്ങി. ഇന്നു രാത്രിയും മത്സരം തുടരും. 16 വയസുകാരനായ ഇന്ത്യന്‍ ഗ്രാന്‍മാസ്റ്റര്‍ ഹോളണ്ടിനെ അനിഷ് ഗിരിയെ (3.52.5) അട്ടിമറിച്ചാണു ഫൈനലില്‍ കടന്നത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ വന്ന അനിഷ് ഇന്ത്യന്‍ താരത്തിനു മുന്നില്‍ മുട്ടുമടക്കി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രജ്ഞാനന്ദ സ്‌കൂള്‍ പരീക്ഷയ്ക്കിടയാണു മത്സരത്തില്‍ പങ്കെടുത്തത്. ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സനെ (2.51.5) അട്ടിമറിച്ചാണ് ഡിങ് ലിറേന്‍ ഫൈനലില്‍ കടന്നത്. 29 വയസുകാരനായ അനിഷ പ്രിലിമിനറി റൗണ്ടില്‍ ഒന്നാമനായി 15,000 യു.എസ്. ഡോളര്‍ സ്വന്തമാക്കിയിരുന്നു.

ആദ്യ ഗെയിം സമനിലയായി. യഥാര്‍ഥ പോരാട്ടം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. രണ്ടാം ഗെയിം ജയിച്ച ‘പ്രഗ്’ ഡച്ച് താരത്തിനു ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി സമ്മാനിച്ചു.മൂന്നാം ഗെയിമില്‍ അനിഷ മുന്നിട്ടു നിന്നെങ്കിലും ‘പ്രഗിന്റെ’ പൂട്ടുകള്‍ തകര്‍ക്കാനാകാതെ സമനിലയ്ക്കു വഴങ്ങി. പരിചയ സമ്പത്ത് മുഴുവന്‍ പുറത്തെടുത്ത അനിഷ നാലാം ഗെയിം ജയിച്ചതോടെ മത്സരം ടൈബ്രേക്കറിലായി. ടൈബ്രേക്കറില്‍ വരുത്തിയ ഒരു പിഴവ് ഡച്ച് താരത്തിനു പ്രതികൂലമായി. പ്ലേ ഓഫിലെ 32-ാം നീക്കത്തില്‍ അനിഷ പോണിനെ അനാവശ്യമായി ബലി കഴിച്ചു. അതോടെ സമനില വഴങ്ങുകയല്ലാതെ നിവൃത്തിയില്ലാതായി. ഈ സമനില ഇന്ത്യന്‍ താരത്തിനു ഫൈനലിനുള്ള വഴിയായി. ഫൈനലില്‍ കടന്നതിന്റെ ആവേശത്തിലും രമേശ് ബാബു പ്രഗ്ജ്ഞാനന്ദയ്ക്കു ”ടെന്‍ഷന്‍” മാറുന്നില്ല. ചെന്നൈയിലെ വെല്ലമ്മാള്‍ നെക്സസ് സ്‌കൂളിലെ 11-ാം €ാസ് വിദ്യാര്‍ഥിയായ താരത്തിന് രാവിലെ 8.45 നു മുമ്പ് ഇന്റേണല്‍ പരീക്ഷയ്ക്കെത്തണം. ഓണ്‍ലൈന്‍ മത്സരം പുലര്‍ച്ചെ രണ്ടു മണി വരെ നീളാറുണ്ട്.

പിതാവ് രമേശ് ബാബു തമിഴ്നാട് സംസ്ഥാന കോര്‍പറേഷന്‍ ബാങ്കില്‍ ബ്രാഞ്ച് മാനേജരാണ്. വീട്ടമ്മയായ മാതാവ് നാഗലക്ഷ്മിയും ചെസ് താരം കൂടിയായ ചേച്ചി വൈശാലിയുമാണു ‘പ്രഗി’നു ചെസ് കളിക്കാന്‍ കൂട്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ വീ യിയൊണു പ്രഗ് തോല്‍പ്പിച്ചത്. ഞായറാഴ്ച തുടങ്ങിയ മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യന്‍ താരം ലീഡ് ഉറപ്പിച്ചു. കാനഡയുടെ എറിക് ഹാന്‍സെനെ തോല്‍പ്പിച്ചാണു പ്രാഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. 15 പോയിന്റ് നേടിയ താരം ആറാമതായി. പ്രിലിമിനറിയിലെ അഞ്ചാം റൗണ്ടിലാണ് പ്രഗ്ജ്ഞാനന്ദ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ അട്ടിമറിച്ചത്. ഫെബ്രുവരിയില്‍ നടന്ന എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിലും താരം കാള്‍സനെ തോല്‍പ്പിച്ചു. കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു പ്രഗ്ജ്ഞാനന്ദ. 16 താരങ്ങള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍മാസ്റ്ററായ ഇന്ത്യന്‍ വംശജന്‍ യു.എസിന്റെ അഭിമന്യു മിശ്രയും പങ്കെടുത്തു. 13 വയസുകാരനാണ് അഭിമന്യു മിശ്ര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →