എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പല്ലാരിമംഗലം. ജനക്ഷേമം ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തിവരുന്നത്. നിലവില്‍ പഞ്ചായത്തിനെ നയിക്കുന്നത് ഖദീജ മുഹമ്മദാണ്. പ്രസിഡന്റിന്റെ വാക്കുകളിലേക്ക്…
കൃഷി
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 35 ലക്ഷത്തിന് മുകളില്‍ കൃഷിക്കായി ചെലവഴിച്ചിട്ടുണ്ട്. നെല്‍കൃഷിക്ക് വിത്ത്, വളം, കൂലി എന്നിവ നല്കി. കിഴങ്ങുവര്‍ഗ കൃഷിക്ക് സഹായം നൽകി. ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. വനിതകള്‍ക്കായി ഗ്രോ ബാഗ് കൃഷിക്ക് തുക അനുവദിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. മൃഗാശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. മുട്ടക്കോഴികളെ വിതരണം ചെയ്തിരുന്നു. എസ്.സി കുടുംബങ്ങള്‍ക്ക് ആടുകളെ നല്കി. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നൽകുന്നുണ്ട്.
ഭവന പദ്ധതി
ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ പഞ്ചായത്തില്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. ലൈഫിന് പുറമെ അര്‍ഹരായവര്‍ക്ക് വീട് വാസയോഗ്യമാക്കാന്‍ സഹായം നല്‍കിയിരുന്നു. ശുചിമുറികള്‍ നിര്‍മ്മിച്ച് നല്കുന്ന പദ്ധതിയും നടപ്പിലാക്കിയിരുന്നു. എസ്.സി വിഭാഗത്തിലുള്ളവര്‍ക്ക് വീട് നവീകരണത്തിന് തുക അനുവദിക്കുകയുണ്ടായി.
കുടിവെള്ളം
പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഡാം നവീകരിച്ചു. മറ്റ് കുടിവെള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. പൊതുകിണറുകള്‍ സ്ഥാപിക്കുകയുണ്ടായി. പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ അടിവാട് ചിറ ചെളിയും മറ്റും നീക്കി നവീകരിച്ചു.
വിദ്യാഭ്യാസരംഗം
പഞ്ചായത്തിൽ രണ്ട് പൊതുവിദ്യാലയങ്ങളാണുള്ളത്. പൈമറ്റം യു.പി സ്കൂളും, മാവുടി എല്‍.പി സ്കൂളും. കാലാകാലങ്ങളില്‍ ഇവയുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്ത് തുക അനുവദിക്കുന്നുണ്ട്. അങ്കണവാടികളുടെ പ്രവര്‍ത്തനത്തിനും സഹായം നല്‍കുന്നുണ്ട്. പഞ്ചായത്തില്‍ ഒരു ബഡ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അമ്പതിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും നല്കി വരുന്നു.
കുടുംബശ്രീ
കുടുംബശ്രീ യൂണിറ്റുകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജെ.എല്‍.ജി ഗ്രൂപ്പുകള്‍ വഴി കപ്പ, വാഴ, പച്ചക്കറി തുടങ്ങിയവ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ക്കായി ക്ഷീര സാഗരം പദ്ധതി നടപ്പിലാക്കി. മൈക്രോ സംരംഭങ്ങളായി പലചരക്ക് കടകള്‍, തയ്യൽ യൂണിറ്റുകള്‍, പൊടി യൂണിറ്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. അടിവാട് വൈകാതെ ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലും നടത്തുന്നുണ്ട്.
പഞ്ചായത്തില്‍ ഹരിത കര്‍മസേനയുടെ സേവനം മികച്ച രീതിയിൽ പുരോഗമിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിലവില്‍ ശേഖരിക്കുന്നത്. ഇത് എം.സി.എഫില്‍ എത്തിച്ച് തരം തിരച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു.
തൊഴിലുറപ്പ്
നിലമൊരുക്കല്‍, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, തൊഴുത്ത് നിര്‍മ്മാണം, ആട്ടിന്‍കൂട്, കോഴിക്കൂട്, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റ് ബിറ്റ്, കിണര്‍ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നടന്നു. ഏകദേശം 1.2 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവഴിച്ചു.
കോവിഡ് പ്രതിരോധം
കോവിഡ് രണ്ടാം ഘട്ടത്തില്‍ ഡി.സി.സി ആരംഭിച്ചു. അവിടേക്കാവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കാന്‍ പ്രത്യേക ശ്രദ്ധ നൽകി. ഏഴ് ലക്ഷം രൂപയോളം കോവിഡ് പ്രതിരോധത്തിനായി ചെലവഴിച്ചിട്ടുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി സന്നദ്ധ സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് സി.എച്ച്.സിയില്‍ ഇല്ലാത്ത മരുന്നുകള്‍ വാങ്ങി നല്കി. വാക്സിനേഷന് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുകയാണ്. കുട്ടികളുടേത് 88 ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ട്. ഹോമിയോ, ആയൂര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ തുക പഞ്ചായത്ത് വകയിരുത്തുന്നുണ്ട്. പൈമറ്റത്ത് സി.എച്ച്.സി സബ് സെന്റർ നിർമ്മാണം പൂർത്തീകരിച്ചു.
സ്വപ്ന പദ്ധതികള്‍
പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി പേര്‍ക്ക് വീട് ലഭ്യമാക്കുക എന്നതാണ്. മറ്റൊന്ന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും. അതിനായി കുടുംബശ്രീയെ മുന്‍നിര്‍ത്തി കൂടുതല്‍ മൈക്രോ സംരംഭങ്ങള്‍ ആരംഭിക്കും. യുവജനങ്ങളുടെ കായികക്ഷമതയെ പരിപോഷിപ്പിക്കാന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടര്‍ഫ് കോര്‍ട്ടുകള്‍ നിര്‍മ്മിക്കണമെന്നത് സ്വപ്ന പദ്ധതിയാണ്. പല്ലാരിമംഗലം ഗ്രൗണ്ട് ആധുനിക നിലവാരത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

