മലപ്പുറം: ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് കീഴുപറമ്പ് കിണറ്റിന്‍ കണ്ടിയിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിന്നും ഗാര്‍ഹികാവശ്യത്തിനും വ്യവസായികാവശ്യത്തിനും ഉപയോഗിക്കുന്ന 93 പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളില്‍ നിന്നും വ്യാവസായികാവശ്യത്തിലേക്കുള്ള സിലിണ്ടറുകളിലേക്ക് അപകടകരമായ രീതിയില്‍ പാചകവാതകം നിറയ്ക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള 21 സിലിണ്ടറുകളും, വ്യാവസായികാവശ്യത്തിനുള്ള 72 സിലിണ്ടറുകളും കണ്ടെത്തി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളില്‍ പാചകവാതകം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത സിലിണ്ടറുകള്‍ സുരക്ഷിത സൂക്ഷിപ്പിനു വേണ്ടി അരീക്കോട് ഫനാര്‍ ഗ്യാസ് ഏജന്‍സിക്കു കൈമാറി. പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ അനധികൃത ഗ്യാസ് ഫില്ലിങിനെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍സി.എ വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ പി.പ്രദീപ്, ജീവനക്കാരായ കെ. മുഹമ്മദ് സാദിഖ്, എം.സുഹൈല്‍, ദിനേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു
