തിരുവനന്തപുരം:സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളില്‍ നാലുമാസത്തിനകം ക്യാമറകള്‍ സ്ഥാപിച്ച സുരക്ഷാ സംവിധനങ്ങള്‍ ഒരുക്കും .സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. വീഡിയോയും ശബ്ദവും 24 മണിക്കൂറും റെക്കാര്‍ഡ് ചെയ്ത് ഒന്നര വര്‍ഷം സൂക്ഷിക്കാവുന്ന വിധത്തിലാണ് സംവിധാനം. 46 കോടി രൂപ ചെലവിലാണ് പദ്ധതി നിര്‍വഹിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലി കമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ് ഇന്ത്യാ ലിമിറ്റഡ് (ടി.സി.ഐ.എല്‍) ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാനിലും ബീഹാറിലും ക്യാമറ സംവിധാനം ഒരുക്കുന്നതും ടിസിഐഎല്‍ ആണ്.
ഓരോ സ്റ്റേഷനിലും 13 ക്യാമറ വരെ സ്ഥാപിക്കും. കൃത്രിമം കാട്ടാതിരിക്കാന്‍ ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ പോലീസ് മേധാവിയുടെ രഹസ്യ പാസ് വേഡിലൂടെയേ ഇത് തുറക്കാനാവൂ. കേടായാല്‍ ആറുമണിക്കൂറിനകം അറ്റകുറ്റ പണി നടത്തും. റിസര്‍വായി നൂറ് ക്യാമറകള്‍ ഉണ്ടാകും. 2018 ല്‍ 274 സ്റ്റേഷനുകളില്‍ സ്ഥാപിച്ച സിസി ടിവി കളും പുതിയ സംവിധാനത്തിലേക്ക് മാറ്റും. ക്യാമറ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ്എച്ചഒ ഉറപ്പാക്കണം. ഇതിനായി ഇന്‍വെര്‍ട്ടര്‍ സജ്ജമാക്കും. ലോക്കപ്പ് ,സ്റ്റേഷന് കസ്റ്റഡി മര്‍ദ്ദന കേസുകളില്‍ പോലീസിനെതിരായ പ്രധാന തെളിവായി ദൃശ്യങ്ങളും ശബ്ദവും മാറും.
സ്റ്റേഷന്റെ പ്രവേശന കവാടം ,പുറത്തേക്കുളള വഴികള്‍ ,റിസപ്ഷന്, ലോക്കപ്പ്, ഇടനാഴികള്‍, ഇന്‍സ്പെക്ടറുടെയും സബ്ഇന്സ്പെക്ടര്മാരുടെയും മുറികള്‍, ലോക്കപ്പിന്റെ പുറംഭാഗം സ്റ്റേഷന് ഹാള്‍, സ്റ്റേഷന് പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികള്‍ എന്നിവയെല്ലാം ക്യാമറ നിരീക്ഷണത്തിലാവും. കൃത്രിമം തടയാന്‍ പ്രത്യേക സംവിധാനത്തിലാവും ഇവ പ്രവര്‍ത്തിക്കുകയെന്ന് അഡീ. ഡിജിപി മനോജ് എബ്രാഹം പറഞ്ഞു.

