തമിഴ്നാട്ടിൽ സ്റ്റാലിന്റെ തേരോട്ടം; തകർന്നടിഞ്ഞ് എ ഐ ഡി എം കെ

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്പരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോർപറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിർന്ന നേതാക്കളായ ഒ. പന്നീർശെൽവം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്.

കേരളത്തിൽ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികൾക്കും മികച്ച പ്രകടനം നടത്താനായി. യഥാക്രമം 166, 41, 58 സീറ്റുകളാണ് കക്ഷികൾക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. കോൺഗ്രസ് 592 സീറ്റു നേടി. എസ്ഡിപിഐക്ക് 22 സീറ്റില്‍ വിജയിച്ചു.

ചെറു കക്ഷികളായ പിഎംകെ, നാം തമിലർ കച്ചി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. ഒമ്പത് മാസം പ്രായമായ ഡിഎംകെ സർക്കാറിന്റെ വിലയിരുത്തൽ കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്.

200 വാർഡുകളുള്ള ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കൗൺസിൽ സ്വന്തമാക്കിയത് ഡിഎംകെയ്ക്ക് അതിമധുരമായി. 2011ൽ അണ്ണാഡിഎംകെയാണ് കൗൺസിലിൽ അധികാരത്തിലെത്തിയിരുന്നത്. കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആകെ 308 സീറ്റാണ് ബിജെപി വിജയിച്ചത്. ഇതിൽ 200 ഉം കന്യാകുമാരി ജില്ലയിൽ നിന്നാണ്.

ദ്രാവിഡ പാർട്ടികളേക്കാൾ ദേശീയ കക്ഷികൾക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി.

21 മുനിസിപ്പൽ കോർപറേഷനുകളിലെ 1100 വാർഡുകൾ ഡിഎംകെ മുന്നണി സ്വന്തമാക്കി. ഡിഎംകെ 948, കോൺഗ്രസ് 73, സിപിഎം 24, എംഡിഎംകെ 21, വിസികെ 16, സിപിഐ 13, മുസ്‌ലിംലീഗ് ആറ് എന്നിങ്ങനെയാണ് മുന്നണിയിലെ വിവിധ കക്ഷികളുടെ സീറ്റുനില. എഐഎഡിഎംകെ ക്യാപിന് 164 സീറ്റേ ജയിക്കാനായുള്ളൂ.

മുനിസിപ്പാലിറ്റികളിൽ ഡിഎംകെ മുന്നണി 2658 സീറ്റുകളിൽ വിജയിച്ചു. വിവിധ കക്ഷികളുടെ സീറ്റുനില ഇപ്രകാരം. ഡിഎംകെ 2360, കോൺഗ്രസ് 151, സിപിഎം 41, എംഡിഎംകെ 34, വിസികെ 26, മുസ്‌ലിംലീഗ് 23, സിപിഐ 19, എംഎംകെ നാല്. എഐഎഡിഎംകെയ്ക്ക് 638 സീറ്റിലേ വിജയിക്കാനായുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →