ഇടുക്കി: അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ പാട്ട് കേൾപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെക്കരുത്, മൃതദേഹം ദഹിപ്പിക്കണം എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങൾ നവംബർ 22ന് തന്നെ അന്തരിച്ച എംഎൽഎ പിടി തോമസ് എഴുതിവെപ്പിച്ചു.
സുഹൃത്തുക്കൾക്കാണ് പിടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. മൃതദേഹം പള്ളിപ്പറമ്പിൽ അടക്കരുതെന്നും എറണാകുളം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും കുറിപ്പിൽ പറഞ്ഞു. ചിതാഭസ്മത്തിന്റെ ഒരംശം അമ്മയുടെ ഉപ്പുതോട് കല്ലറയിൽ നിക്ഷേപിക്കണമെന്നും പറഞ്ഞു. അന്ത്യോപചാര സമയത്ത് വയലാർ രാമവർമയുടെ ചന്ദ്രകളഭം ചാർത്തിയുറങ്ങുമെന്ന പാട്ട് കേൾപ്പിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കി. കണ്ണുകൾ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നടപടികൾ തുടരുകയാണ്.
മൃതദേഹം ഇന്ന് രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. പിന്നീട് നാളെ പുലർച്ചയോടെ കൊച്ചിയിലെത്തിക്കും, രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസിലെത്തിക്കും. എട്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിന് എത്തിക്കും. ഒന്നരവരെ ടൗൺഹാളിൽ പൊതു ദർശനം നടക്കും. തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതു ദർശനം, തുടർന്ന് വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം എന്നാണ് നിലവിൽ ഡിസിസി തീരുമാനിച്ചിരിക്കുന്നത്.