ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാല വിവാദം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിഷയം ലോക്സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ബെന്നി ബെഹനാന്‍ എം പി നോട്ടീസ് നല്‍കിയത്. സര്‍വ്വകലാശാലകളിലെ നിയമങ്ങള്‍ സംബന്ധിച്ച് തനിക്കുമേല്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ത്തുന്നതെന്ന് ഒരു ഗവര്‍ണര്‍ക്ക് പറയേണ്ടി വന്ന സാഹചര്യം അടിയന്തര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം. സര്‍വ്വകലാശാലകളെ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ഉത്തമ ഉദാഹരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സംഭവിച്ചതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.