കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവ്

തിരുവനന്തപുരം: ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്.

ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

മൂന്ന് മണിയോടെ അനുപമയുടെ കുഞ്ഞിനെയും വഞ്ചിയൂര്‍ കുടുംബകോടതിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറെ എത്തിച്ച് വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷം കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →