പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമായി സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതി വ്യാപകമാക്കാനൊരുങ്ങി ഏറത്ത് ഗ്രാമപഞ്ചായത്ത്. ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡിലേയും മുഴുവന്‍ വീടുകളിലും പച്ചക്കറിത്തോട്ടം നിര്‍മിക്കാനാണു ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ചു നടന്ന യോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഓരോ വീടിനും 25 ഇനം പച്ചക്കറിത്തൈ വിരണം ചെയ്യും. കൂടാതെ നെല്ല്, വാഴ, വെറ്റില, കിഴങ്ങുകൃഷി, ക്ഷീര വികസനം, മൃഗ സംരക്ഷണം, ഫിഷറീസ്, തൊഴിലുറപ്പ് എന്നിവ വഴി വിവിധ പദ്ധതികളും നടപ്പാക്കും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.ഡി സജി, അമ്പാടി രാജേഷ്, ആശാ ഷാജി വിവിധ ഉദ്യോഗസ്ഥര്‍, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
