തിരുവനന്തപുരം: കലയ്ക്ക് സമർപ്പിതമായ ജീവിതം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ചരിത്ര നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിലെയും ഇൻഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടൻമാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണ്. പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രതിഫലിച്ചു.  ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമർപ്പിതമായിരുന്നു.  ഈ വിയോഗത്തിൽ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നു’, ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാൾ: മുഖ്യമന്ത്രി പിണറായി വിജയൻ
നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സിൽ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളിൽ വലിയ താത്പര്യമെടുക്കുകയും നാടൻപാട്ടുകളുടെ അവതരണം മുതൽ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.
അദ്ദേഹം ചൊല്ലിയ നാടൻപാട്ടുകൾ ജനമനസ്സുകളിൽ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യൻ ഭാഷകളിലും ആസ്വാദകരുടെ മനസ്സിൽ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്പീക്കർ എം.ബി. രാജേഷ് അനുശോചിച്ചു
നെടുമുടി വേണുവിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ വേണുവിന്റെ നിര്യാണം വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സ്പീക്കർ പറഞ്ഞു.
മന്ത്രി സജി ചെറിയാൻ
മലയാളത്തിന്റെ അനുഗ്രഹീത നടൻ നെടുമുടി വേണുവിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ മാസം നടന്ന മഴ മിഴി സിഗ്നേച്ചർ ഫിലിം പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്.  ആശുപത്രിയിൽ ആണെന്ന് അറിയാമായിരുന്നു, എന്നാലും രോഗാവസ്ഥയെയൊക്കെ മറികടന്നു കൊണ്ട് അദ്ദേഹം നിറപുഞ്ചിരിയോടെ മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
മലയാള സാംസ്‌കാരിക ലോകത്തെ കാരണവരിലൊരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നാടകക്കളരികളിലെ അനുഭവസമ്പന്നതയും അദ്ദേഹത്തെ മലയാളസിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായി മാറ്റി. നായകനായും വില്ലനായും സ്വഭാവ നടനായും അരങ്ങിലും വെള്ളിത്തിരയിലും അദ്ദേഹം നിറഞ്ഞാടി. ഗൗരവകരമായ വേഷങ്ങളും ഹാസ്യപ്രധാനമായ വേഷങ്ങളും നെടുമുടിയിൽ ഭദ്രമായിരുന്നു. ജീവിതത്തിന്റെ അരങ്ങിലെ വേഷമഴിച്ചു പിൻവാങ്ങുമ്പോഴും തിരശീലയിൽ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കും.
മന്ത്രി ആന്റണി രാജു
സിനിമാതാരം നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. ‘തമ്പ്’ലൂടെ തുടങ്ങി ‘തകര’യിലൂടെ വളർന്ന് മലയാള സിനിമാരംഗം കീഴടക്കിയ അതുല്ല്യ പ്രതിഭയായിരുന്നു അദ്ദേഹം. നിരവധി കഥാപാത്രങ്ങൾക്ക് പകരംവയ്ക്കാൻ പറ്റാത്ത അഭിനയമികവ് കാഴ്ചവച്ച നെടുമുടി വേണുവിന്റെ വേർപാട് മലയാള സിനിമയ്ക്ക് മാത്രമല്ല സാംസ്‌കാരിക കേരളത്തിനാകെ തീരാനഷ്ടമാണ്.
മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
നെടുമുടി വേണുവിന്റെ നിര്യാണത്തിലൂടെ മലയാള സിനിമയുടെ ഒരു യുഗത്തിനാണ് അന്ത്യം കുറിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ അത്രമേൽ അനായാസമായി പ്രതിഫലിപ്പിച്ച അഭ്രപാളിയിലെ മഹാ വിസ്മയമായിരുന്നു നെടുമുടി വേണു. അവനവൻ കടമ്പ, ദൈവത്താർ തുടങ്ങിയ സാമൂഹ്യശ്രദ്ധ ആകർഷിച്ച നാടകങ്ങളിലൂടെ മലയാളത്തിന്റെ തനത് നാടകവേദിയെ ഊർജ്ജ്വസ്വലമാക്കുകയും മാധ്യമപ്രവർത്തകനെന്നുള്ള നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നെടുമുടി വേണു കൈതൊട്ട മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ചു.
മന്ത്രി വീണാ ജോർജ്
നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം അറിയിച്ചു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ അഭിനയ പ്രതിഭയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →