തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസവകുപ്പും കേരള ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന ‘കളിമുറ്റമൊരുക്കാം’ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കായികതാരം ഐ എം വിജയന്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി.
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള ഒരാഴ്ചക്കാലം ജില്ലയിലെ ആയിരത്തോളം വിദ്യാലയങ്ങള്‍ ശുചീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥി-യുവജന- അദ്ധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരും ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാമിഷന്‍, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളും ശുചീകരണ പ്രവൃത്തിയില്‍ അണിചേരും.ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും രണ്ട് വീതം പോസ്റ്ററുകളാണ് ശുചിത്വമിഷന്‍ അച്ചടിച്ച് നല്‍കിയത്. ബി ആര്‍ സി മുഖേന അവ വിദ്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ബ്ലോക്ക് -പഞ്ചായത്ത് തല യോഗങ്ങളും പൂര്‍ത്തിയായി. സംഘാടക സമിതികളും നിലവില്‍ വന്നു. സ്‌കൂള്‍തല സംഘാടക സമിതികള്‍ നടന്നു വരികയാണ്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം വരടിയം ഗവ.യു പി സ്‌കൂളില്‍ വെച്ച് നടക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി എസ് ശുഭ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.ശ്രീജ, എസ് എസ് കെ ഡി പി സി യൂസഫ് പി ഐ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദിഖ്, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ എം അഷറഫ്, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.