ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണം. മുമ്പ് കൊവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല എന്നും നിര്‍ദേശമുണ്ട്. നേരിട്ടുള്ള വിമാനങ്ങളില്‍ അല്ലാതെ യാത്രചെയ്യുന്നവര്‍ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കിടെ കൊവിഡ് ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.