വാഷിങ്ടണ്‍: യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി കണ്ട അദ്ദേഹം നിരവധി കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കണ്ടു. ബ്ലാക് സ്റ്റോണ്‍, ക്വല്‍കോം, അഡോബ്, ഫസ്റ്റ് സോളാര്‍ ആന്റ് ജനറല്‍ അടോമിക് തുടങ്ങിയ കമ്പനി സിഇഓകളെയാണ് കണ്ടത്. യുഎസ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായി ഇന്ന് അദ്ദേഹം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്സുമായി കൂടിക്കാഴ്ച നടത്തി. ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇത്.
യുഎസ്സുമായി നല്ല ബന്ധം സൃഷ്ടിച്ച പ്രധാനമന്ത്രിയെ യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാട്ണര്‍ഷിപ് ഫോറം നേതാവ് മുകേഷ് ആഗ്ഗി അഭിനന്ദിച്ചു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ ആന്റ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ തുടങ്ങിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. നിക്ഷേപ വീക്ഷണത്തില്‍ രാജ്യത്ത് ഇപ്പോള്‍ തുടങ്ങിവച്ച പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ജനറല്‍ ആടോമിക് സിഇഒ വിവേക് ലാല്‍ പറഞ്ഞു.