തൃശ്ശൂർ: ടിപി കൊലക്കേസ് പ്രതി കൊടി സുനിയും തൃശ്ശൂർ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദും വിയ്യൂർ ജയിലിനുളളിൽ ഫോൺ ഉപയോഗിച്ചത് ജയിൽ സൂപ്രണ്ടിന്റെ ഒത്താശയോടെയാണെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഉത്തരമേഖല ജയിൽ ഡിഐജി വിനോദ് കുമാർ അന്വേഷണം നടത്തി ജയിൽ മേധാവി ഷെയ്ക്ക് ദർവേസ് സാഹിബിന് റിപ്പോർട്ട് കൈമാറി.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഏഴു ദിവസത്തിനകം സുപ്രണ്ട് വിശദീകരണം നൽകണം. വിശദീകരണവും അന്വേഷണ റിപ്പോർട്ടും ജയിൽ മേധാവി സർക്കാരിന് കൈമാറും. നേരത്തെ നാലു പ്രാവശ്യം സുരേഷ് അച്ചടക്ക നടപടി നേരിട്ടുണ്ട്.
ജയിൽ സൂപ്രണ്ട് സുരേഷിന്റെ സഹായിയായി റഷീദ് ഒരു വർഷം ജോലി ചെയ്തിട്ടുണ്ട്. തടവുകാരിൽ നിന്നും ഫോൺ പിടിച്ച ജയിൽ ഉദ്യോഗസ്ഥരെ സൂപ്രണ്ട് ശാസിക്കുകയും സ്ഥലം മാറ്റുകയും ചെയ്തു. കൊലക്കേസ് പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ നിന്നും ആയിരത്തിലേറെ പ്രാവശ്യം വിളിച്ചിട്ടുണ്ടെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തി