പത്തനംതിട്ട: മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ മാസം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വള്ളിക്കോട്, പ്രമാടം, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്തണം. കാഷ്വാലിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കോന്നി മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് ആരംഭിക്കണം. നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് റോഡില്‍ സ്ഥാപിക്കുന്ന പ്രവൃത്തി സെപ്റ്റംബര്‍ 10ന് തീരുന്നെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. തണ്ണിത്തോട് പ്ലാന്റേഷന്‍ റോഡ്, കോട്ടമണ്‍പാറ റോഡ് ഉള്‍പ്പെടെ റീബില്‍ഡ് കേരള പദ്ധതിയിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സാംസ്‌കാരിക വകുപ്പ് നിര്‍മിക്കുന്ന ജില്ലയിലെ സാംസ്‌കാരിക സമുച്ചയത്തിന് ഏനാദിമംഗലം പഞ്ചായത്തിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 10ന് മന്ത്രി സ്ഥലം സന്ദര്‍ശിക്കും. കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മൂലമുള്ള മരണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് പരിഹാരം കാണണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.