സ്ത്രീക്ക് നേരെയുള്ള അതിക്രമം ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്ത് പൊലീസ്; കൊല്ലം ശക്തികുളങ്ങര പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം: യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര പൊലീസിന്റെതാണ് വിചിത്ര നടപടി.

കൊല്ലം രാമന്‍കുളങ്ങര സ്വദേശി അനന്ദുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ സഹപ്രവര്‍ത്തകയായ യുവതിക്കെതിരെ അതിക്രമം നടത്തിയാളെ അനന്ദു തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ നേതാവായിരുന്നു യുവതിക്കെതിരെ അതിക്രമം നടത്തിയത്.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഹരിധരനെ അറസ്റ്റ് ചെയ്യാതെ അനന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിധരനെ ആക്രമിച്ചെന്ന് കാണിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അനന്ദുവിനെ അറസ്റ്റ് ചെയ്തത്. യുവതി പരാതി നല്‍കാന്‍ ഒരു ദിവസം വൈകിയെന്നാണ് പൊലീസ് പറയുന്ന ന്യായീകരണം.

സംഭവത്തില്‍ പൊലീസിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. തന്റെ പരാതിയില്‍ ഇതുവരെ പൊലീസ് പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →