തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ വിതരണം ചെയ്ത അതിജീവന കിറ്റുകളുടെ കമ്മീഷൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം റേഷൻ വ്യാപാരികൾ 17-ന് നടത്തുമെന്നറിയിച്ച സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഓണക്കാലത്ത് കിറ്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ ഓണത്തിന് മുൻപ് ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള പ്രവർത്തനത്തിന് ഭംഗം വരുത്തുന്ന നടപടികളിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സമാശ്വാസ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചത്.
അതിജീവന കിറ്റുകളുടെ വിതരണം ഒരു സേവന പ്രവർത്തനമായി കാണേണ്ടതായിരുന്നു എന്ന തരത്തിലുള്ള അഭിപ്രായം ഒരു വിഭാഗം റേഷൻ വ്യാപാരികളിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അതിജീവന കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് 10.60 കോടിയാളം രൂപ കമ്മീഷൻ ഇനത്തിൽ രണ്ട് ഘട്ടങ്ങളിലായി നൽകിയതായി മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് റേഷൻ വിതരണവുമായി ബന്ധപ്പെട്ട് മുന്നണിപോരാളികളായി പ്രവർത്തിച്ച കേരളത്തിലെ റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അനുഭാവപൂർവ്വമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെയാണ്, കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ സർക്കാർ ഏർപ്പെടുത്തിയത്. റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് സംസ്ഥാന വിഹിതമായി 5 കോടി രൂപ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം, കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികളുടെ അനന്തരാവകാശിക്ക് ലൈസൻസ് നൽകുന്നതിൽ പത്താം ക്ലാസ്സ് പാസായിരിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകൽ, കെറ്റിപിഡിഎസ് റൂൾ സെക്ഷൻ 37 പ്രകാരം പുതിയ റേഷൻ കടകൾ ആരംഭിക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ട ഒരു ലക്ഷം രൂപ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായി പതിനായിരം രൂപയായി കുറയ്ക്കുക തുടങ്ങിയ റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.