കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഒന്നാംപ്രതി അറസ്​റ്റിൽ

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാംപ്രതി അറസ്​റ്റിൽ. ബാങ്ക് മുൻ സെക്രട്ട‍റിയും സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ടി.ആര്‍. സുനില്‍കുമാറാണ്​ (58) 09/08/21 തിങ്കളാഴ്ച അറസ്​റ്റിലായത്​. തൃശൂർ പേരാമംഗലത്തെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ്​ ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്​.

പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും മുമ്പാണ് അറസ്​റ്റ്​. സുനിൽകുമാറിനെ കൂടാതെ മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടൻറ്​ സി.കെ. ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമീഷൻ ഏജൻറ്​ എ.കെ. ബിജോയ് (47), ബാങ്കിന്​ കീഴിലുള്ള സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടൻറ്​ റെജി അനിൽ (43) എന്നിവരാണ് കേസിലെ പ്രതികള്‍.

ഇവർക്കായി തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സുനിൽകുമാറിനെ 10/08/21 ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.

കരുവന്നൂര്‍ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടും നടന്നതായാണ്​ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നേരത്തേ പ്രതികൾ കസ്​റ്റഡിയിലായതായി അഭ്യൂഹം പ്രചരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →