കോഴിക്കോട്: കിഫ്ബി വഴി പൂർത്തീകരിച്ചത് 1000 കോടി രൂപയുടെ പദ്ധതികൾ: മന്ത്രി മുഹമ്മദ് റിയാസ്

5544 കോടിയുടെ പ്രവൃത്തികൾ പുരോഗതിയിൽ

തിരുവനന്തപുരം : കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം കോടിയോളം രൂപ ചെലവഴിക്കപ്പെട്ട മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് സമ്മാനിച്ചിട്ടുണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. 178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവൃത്തികളാണ് അവാര്‍ഡ് ചെയ്യുകയോ, പുരോഗമിക്കുകയോ ചെയ്യുന്നത്. 419 റോഡുകൾ, 125 പാലങ്ങൾ തുടങ്ങി 22,859 കോടി രൂപയുടെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാത്രം കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ടെന്നും കെ ബി ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.

പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാനായി ചില നിബന്ധനകള്‍ കിഫ്ബി മുന്നോട്ടു വെച്ചിട്ടുണ്ട്. റോഡിന് നിശ്ചിത വീതി ഉറപ്പാക്കുന്നതാണ് പ്രധാനം. ഉദാഹരണത്തിന് പത്ത് മീറ്ററാണ് വീതി നിഷ്ക്കര്‍ഷിക്കുന്നതെങ്കില്‍ ഏഴ് മീറ്റര്‍ റോഡ്, ഇരുഭാഗത്തും നടപ്പാത എന്ന നിലയിലാണ് തീരുമാനിച്ചത്. 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് 1. 41 കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നിൽ ഒരു മലയാളിക്ക് ഒരു വാഹനമുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ റോഡ് സൗകര്യം വര്‍ധിപ്പിക്കണം. കിഫ്ബി റോഡുകളില്‍ നിശ്ചിത വീതി ഉറപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് അതാണ്.

ചില പ്രവൃത്തികള്‍ നടക്കുന്നത് ജനങ്ങള്‍ സ്വമേധയാ സ്ഥലം വിട്ടു നല്‍കുന്നതിനനുസരിച്ചാണ്.  സ്ഥലം വിട്ടുകിട്ടാത്തതിനാൽ ചില സ്ഥലങ്ങളില്‍ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ചില ഇടങ്ങളില്‍ ആ തടസം ഉണ്ട് എന്ന് കരുതി നിലവിലുള്ള മാനദണ്ഡം മുഴുവന്‍ മാറ്റാന്‍  കഴിയില്ല. അങ്ങനെ ഒരു അഭിപ്രായം ആര്‍ക്കും ഉണ്ടാകുമെന്നും തോന്നുന്നില്ല.

ജൂലൈ 27 ന് ചേർന്ന യോഗത്തിൽ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്‌. അതിലൊന്ന് യൂട്ടിലിറ്റി ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ടാണ്. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകൾ, കെ എസ് ഇ ബി പോസ്റ്റുകള്‍ തുടങ്ങിയവ സമയബന്ധിതമായി മാറ്റുക എന്നതും റോഡിന്റെ വീതി കൂട്ടുമ്പോള്‍ പ്രധാനമാണ്. കിഫ്ബി പദ്ധതികൾ നടക്കുന്ന പി ഡബ്ല്യു ഡി ഭൂമിയുടെ അതിരുകൾ സർവ്വേ നടത്തി തിട്ടപ്പെടുത്താൻ, ലാന്റ് അക്വിസിഷൻ ചുമതലയുള്ള അതത് തഹസിൽദാർമാരെ നിയോഗിക്കാനും ധാരണ ആയിട്ടുണ്ട്. കൂടുതൽ സർവ്വെയർ മാരെ ഇതിനായി ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കും.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച പാടില്ല എന്നത് സര്‍ക്കാരിന്റെ പൊതു നയമാണ്. അത് പാലിക്കപ്പെടാത്ത ചില ഇടങ്ങളില്‍ പ്രവൃത്തി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ന്യൂനത പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കിഫ്ബി പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കാൻ കൂടുതൽ എഞ്ചിനീയർമാരെ KRFB-PMU വിൽ നിയമിക്കും. കിഫ്ബി പദ്ധതികൾക്ക് ടെക്നിക്കൽ സപ്പോർട്ട് ടീം ആയി കെ എച്ച് ആർ ഐ, പിഡബ്ല്യുഡി ഡിസൈൻ വിംഗ് എന്നിവരെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 പി ഡബ്ല്യു ഡിയും കിഫ്ബിയും ഈ സര്‍ക്കാരിന്റെ അഭിമാനസ്തംഭങ്ങളായ രണ്ട് സംവിധാനങ്ങളാണ്. അവ രണ്ടും ഒരേ തലത്തിലാണ് സഞ്ചരിക്കുന്നത്. മാസത്തിൽ ഒരു തവണ പിഡബ്ല്യുഡി -കി ഫ്ബി ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകന യോഗം ചേരും. പ്രവൃത്തി പൂർത്തിയാക്കാൻ പറ്റാത്ത ഇടങ്ങളിലെ കാര്യങ്ങൾ ഈ യോഗങ്ങളിൽ പ്രത്യേകമായി പരിശോധിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യും.  എം എൽ എ മാർ ഉന്നയിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഈ യോഗങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →