തൃശ്ശൂർ: ജൂണ്‍ 14 ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജില്ലാ ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ദിനാചരണം സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളെ കൂടുതലായി രക്തദാനത്തിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന് സന്ദേശം.
ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് പരിസരത്ത് നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം മേയര്‍ എന്‍ കെ വര്‍ഗീസ് നിര്‍വഹിച്ചു. നിരവധി തവണ രക്തം ദാനം ചെയ്ത വ്യക്തികളെയും സന്നദ്ധ സംഘടനകളെയും മൊമെന്റോ നല്‍കി ആദരിച്ചു.
തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജില്ലയിലെ മദര്‍ ബ്ലഡ് ബാങ്കായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ടി പി ശ്രീദേവി പറഞ്ഞു. ആറോളം ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകള്‍ ഈ ബ്ലഡ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് 19 ന്റെ സാഹചര്യത്തിലും രക്തദാന ക്യാമ്പുകള്‍ നടത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡെപ്യൂട്ടി ഡി എം ഒ കെ എന്‍ സതീഷ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ ടി വി സതീശന്‍, ഡിസ്ട്രിക്ട് എയ്ഡ്സ് കണ്ട്രോള്‍ ഓഫീസര്‍ സുജ അലോഷ്യസ്, ഡോ കെ ആര്‍ പ്രദീപ് കുമാര്‍ അസീന (പ്രസിഡന്റ് കെ ജി എം ഒ എ), ഡോ പ്രവീണ്‍(ഐ എം എ തൃശൂര്‍), ഡോ വിനീത, ഡോ ഗോവിന്ദന്‍ കുട്ടി, ഡോ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.