മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ ആരോപണം; കുറ്റം തെളിഞ്ഞാല്‍ സുരേന്ദ്രന് ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല

കാസർകോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ബി), 171(ഇ) (തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) എന്നീ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ സുരേന്ദ്രന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ ജീവനാന്ത വിലക്കടക്കം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഇവ.

പത്രിക പിന്‍വലിക്കാന്‍ തടവില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന സുന്ദരയുടെ പരാതിയിലും സുരേന്ദ്രനും മറ്റു പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തും. യുവമോര്‍ച്ച നേതാവും കൊടകര കുഴല്‍പ്പണക്കേസില്‍ ആരോപണം നേരിടുന്ന സുനില്‍ നായിക്കാണ് സുന്ദരക്ക് പണമെത്തിച്ചതെന്ന നിഗമനത്തില്‍ പൊലിസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിസ്പി സ്ഥാനാര്‍ഥി കെ സുന്ദരയുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. കെ സുരേന്ദ്രന്‍ തനിക്ക് പണം തന്നെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സുരേന്ദ്രന്‍ വന്‍ തോതില്‍ പണമൊഴുക്കിയെന്നും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശ് നല്‍കിയ ഹര്‍ജിയിലായിരുന്നു സുരേന്ദ്രനടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലിസിന് നിര്‍ദേശം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →