കൊച്ചി: രുചികളുടെയും നാടകത്തിന്റെയും ലോകത്തു നിന്നും ഇടപ്പള്ളിക്കാരുടെ സ്വാദ് സ്വാമി യാത്രയായി. ഇടപ്പള്ളി ദേവന്‍കുളങ്ങരയില്‍ ചങ്ങമ്പുഴ പാര്‍ക്കിനു കിഴക്കു റോഡരികിലെ എം.എസ്. ബേക്കറിയില്‍ എം.എസ്. രഘുനാഥ് എന്ന വ്യത്യസ്തനായ മനുഷ്യൻ ഇനിയില്ല.
കാലം പകര്‍ന്ന കൈപുണ്യവുമായി 40 വര്‍ഷമായി എണ്ണക്കടികള്‍ വിറ്റ് തുടര്‍ന്നുവന്ന ജീവിതത്തിന് 02/06/21 ബുധനാഴ്ച തിരശ്ശീല വീണു. എന്നും വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ പലഹാരങ്ങളുടെ ലോകത്തായിരുന്നു രഘു. പഴംപൊരി, സുഖിയന്‍, പരിപ്പുവട, ബോണ്ട എന്നിവയുണ്ടാക്കുന്നതും കാത്ത് സ്കൂള്‍ കുട്ടികള്‍ മുതല്‍ അവിടെ നില്ക്കും. മായം ചേര്‍ക്കാത്ത വസ്തുക്കള്‍ കൊണ്ടും നാടന്‍ വെളിച്ചെണ്ണയിലും പാചകം ചെയ്യുന്നതിനാല്‍ ക്ഷണനേരം കൊണ്ട് പലഹാരമെല്ലാം വിറ്റുതീരും. ഒന്നുമില്ലായ്മയില്‍നിന്ന് സ്വന്തം പ്രയത്നത്താല്‍ വളര്‍ന്ന കഥയാണ് രഘുവിന്റേത്.
വര്‍ഷങ്ങള്‍ക്ക് മുൻപ് കലാനിലയം നാടക സംഘത്തില്‍ നടനായിരുന്നു. പിന്നീട് സ്വന്തം ട്രൂപ്പായ കൊച്ചിന് സദസ്സിലും പ്രവര്‍ത്തിച്ചു. പ്രശസ്ത നാടകകാരന് ചന്ദ്രദാസന്റെ കൊച്ചി ലോകധര്‍മി തിയറ്ററിന്റെ കീഴില്‍ കുട്ടികളുടെ വിഭാഗമായ മഴവില്ല് തിയറ്റര്‍ രൂപപ്പെടുത്തുന്നതിന്റെ പ്രധാനിയും രഘുനാഥായിരുന്നു.
2006ല്‍ പാട്ടബാക്കി നാടകത്തില്‍ ചായക്കടക്കാരനായി വേഷമിട്ടു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലെ സാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യം കൂടിയായിരുന്നു രഘുനാഥ്.

