തൃശൂര്‍ ബിജെപിയില്‍ തമ്മിലടി തുടരുന്നു. നാല്‌ ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

തൃശൂര്‍: വാടാനപ്പളളി കത്തിക്കുത്ത്‌ കേസില്‍ നാല്‌ ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റിലായി. സഫലേഷ്‌, സഹലേഷ്‌, സജിത്‌, വിപിന്‍ദാസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കൊടകര കുഴല്‍പ്പണ കേസിനെചൊല്ലി 31/05/21 ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഹിരണ്‍ എന്ന ആളിന്‌ കുത്തേറ്റിരുന്നു. കുഴല്‍പ്പണ കേസിനെ ചൊല്ലി തൃശൂര്‍ ബിജെപിയില്‍ തമ്മിലടി തുടരുകയാണ്‌.

അതിനിടെ ബിജെപി ജില്ലാക്കമ്മറ്റി പിരച്ചുവിടണമെന്നാവശ്യപ്പെട്ട്‌ ഒബിസി മോര്‍ച്ച ഉപാദ്ധ്യക്ഷന്‍ രംഗത്തെത്തി. ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടതിന്‌ പിന്നാലെ ബിജെപി ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരി ഭീഷണിപ്പെടുത്തിയതായി ഋഷി പള്‍പ്പു പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തതിന്റെ പ്രതികാരമായാണ്‌ പരാതി നല്‍കിയതെന്നാണ്‌ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

കുഴല്‍ പണക്കേസില്‍ പണവുമായെത്തിയ സംഘത്തിന്‌ തൃശൂരില്‍ ഹോട്ടല്‍ മുറിയെടുത്തു നല്‍കിയത്‌ ബിജെപി ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന്‌ ജില്ലാ ഓഫീസ്‌ സെക്രട്ടറി തിരൂര്‍ സതീഷ്‌ പറഞ്ഞു. പണവുമായെത്തിയ സംഘത്തിന്‌ മുറിയെടുത്തുനല്‍കിയത്‌ തിരൂര്‍ സതീഷാണെന്ന്‌ ആര്‍എസ്‌എസ്‌ നേതാവ്‌ ധര്‍മ്മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ തിരൂര്‍ സതീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്‌. ആര്‍ക്കാണ്‌ മുറിയെടുക്കുന്നതെന്ന്‌ അറിയില്ലായിരുന്നെന്നും താന്‍ ഓഫീസ്‌ സെക്രട്ടറിയായത്‌ നാലുമാസം മുമ്പ്‌ മാത്രമാണെന്നുമായിരുന്നു സതീഷിന്റെ മൊഴി.

കേസില്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തുകയാണ്‌. കൊടകരയില്‍ നിന്ന്‌ തട്ടിയെടുത്ത മൂന്നര കോടി രൂപയില്‍ രണ്ടരകോടി രൂപ ഇനിയും കണ്ടെത്താനുണ്ട്‌. അറസ്‌റ്റിലായ 19 പ്രതികളില്‍ 12 പേരുടെ വീടുകളിലാണ്‌ റെയ്‌ഡ്‌. കണ്ണൂര്‍ ,കോഴിക്കോട്‌ ജില്ലകളിലെ വീടുകലിലാണ്‌ പരിശോധന. രണ്ടരകോടി രൂപ 20 പേര്‍ക്കായി വീതിച്ചു നല്‍കിയെന്നാണ്‌ പ്രതികളുടെ മൊഴി. ഈ തുക കണ്ടെടുക്കാനാണ്‌ പരിശോധന. കുഴല്‍പ്പണം ബിജെപിയുടേതാണെന്ന്‌ തെളിയിക്കാനാണ്‌ പോലീസിന്റെ അന്വേഷണം. സംസ്ഥാന നേതാക്കളെയും ഉടന്‍ ചോദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →