കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി തൃശൂരിൽ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

തൃശൂർ: തൃശൂരില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ കിരണിന് കുത്തേറ്റു. 30/05/21ഞായറാഴ്ച വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്‌സിന്‍ ക്യാമ്പില്‍ വച്ചാണ് ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കേസില്‍ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വാടാനപ്പിള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗര്‍ ഉള്ള മറുവിഭാഗവും സാമൂഹ്യമാധ്യമങ്ങളില്‍ വാക്ക് പോര് നടത്തിയിരുന്നു. തുടര്‍ന്ന് വ്യാസനഗര്‍ ഗ്രൂപ്പില്‍ പെട്ട ഹരിപ്രസാദ് കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ വാടാനപ്പിള്ളി സാമൂഹ്യആരോഗ്യകേന്ദ്രത്തില്‍ എത്തിയപ്പോള്‍ എതിര്‍ ഗ്രൂപ്പുകാര്‍ ചോദ്യം ചെയ്തു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവരാണ് വാക്കുതര്‍ക്കമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാസനഗര്‍ ഗ്രൂപ്പില്‍ പെട്ട കിരണിനു കുത്തേല്‍ക്കുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കൊടകര കള്ളപ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. വിഷയത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് സംസ്ഥാനത്ത് നിന്ന് ആരും കത്ത് അയച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപി തീരുമാനം. അതൊരു കവര്‍ച്ചക്കേസാണ്. അന്വേഷണസംഘം അവരുടെ അധികാരപരിധിക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണ്. അന്വേഷണസംഘവുമായി ബിജെപി സഹകരിക്കുന്നത് ഒന്നും ഒളിച്ച് വയ്ക്കാന്‍ ഇല്ലാത്തത് കൊണ്ടാണ്. നോട്ടീസിന് ഹാജരാകേണ്ട കാര്യം പോലും തങ്ങള്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ 31/05/21 തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ സതീശന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. കുഴല്‍ പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് സതീശനായിരുന്നു. എം.ജി റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്നത്. 25 ലക്ഷം രൂപയാണ് കവർന്നതെന്നായിരുന്നു പണവുമായെത്തിയ ധർമരാജന്റെയും ഡ്രൈവറായ ഷംജീറിന്റെയും പരാതി. എന്നാൽ ഇതിനെക്കാളേറെ പണം കാറിലുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിടികൂടിയ പ്രതികളിൽനിന്ന് ഇതുവരെ ഏകദേശം 40 ലക്ഷത്തിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →