ആലപ്പുഴ: ബംഗാൾ ഉൾക്കടലിൽ ‘യാസ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.- യെല്ലോ മെസ്സേജ്

ആലപ്പുഴ: മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി വടക്ക് -വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 4 കി.മീ വേഗതയിൽ സഞ്ചരിച്ച്  തിങ്കളാഴ്ച രാവിലെ 11.30  ഓടെ  16.5°N അക്ഷാംശത്തിലും 89.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ യാസ് ചുഴലിക്കാറ്റ്  പോർട്ട് ബ്ളയർ (ആൻഡമാൻ ദ്വീപ്‌ )ൽ നിന്ന് 630 കി.മീ  വടക്ക് -വടക്ക് പടിഞ്ഞാറും പാരദ്വീപിൽ ( ഒഡീഷ ) നിന്ന് 520  കി.മീ തെക്ക്  -തെക്കു കിഴക്കായും  ബാലസോറിൽ (ഒഡീഷ )  നിന്ന് 620 കി.മീ  തെക്ക് -തെക്കു കിഴക്കായും  ഡിഗ (പശ്ചിമ  ബംഗാൾ ) യിൽ നിന്ന് 610 കി.മീ തെക്ക് -തെക്കു കിഴക്കായുമാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. 

വടക്ക് -വടക്ക്‌ പടിഞ്ഞാറ്  ദിശയിൽ സഞ്ചരിക്കുന്ന  ചുഴലിക്കാറ്റ്  അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) തുടർന്നുള്ള 24  മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി ( Very Severe Cyclonic Storm) മാറാൻ ആണ് സാധ്യത. തുടർന്ന് വീണ്ടും വടക്കു -വടക്ക് പടിഞ്ഞാറു  ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്  വീണ്ടും  ശക്തി പ്രാപിചു മെയ് 26 നു പുലർച്ചയോടെ  പശ്ചിമ  ബംഗാൾ – വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 

തുടർന്ന്  മേയ്  26  ഉച്ചയോടെ  പശ്ചിമ  ബംഗാൾ – വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും  സാഗർ   ദ്വീപിനും  ഇടയിൽ  അതിശക്തമായ ചുഴലിക്കാറ്റായി (very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യത .

മെയ് 24  മുതൽ മെയ് 26 വരെ തെക്കു കിഴക്കൻ  – മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ മെയ് 24  മുതൽ  മെയ്  26  വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ  ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട്  വിവിധ ജില്ലകളിൽ  മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട് . കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →