ഹരിദ്വാർ (ഉത്തരാഖണ്ഡ്) 2026 നവംബർ 29
.പെൺകുട്ടികൾക്കും യുവതികൾക്കും തൊഴിൽപരിശീലനം നൽകുന്ന നവ്യ 2.0 ഹരിദ്വാറിലെ ഉത്തരാഖണ്ഡ് സംസ്കൃത സൻസ്ഥാനത്തിൽ ശനിയാഴ്ച ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണ ദേവിയും നൈപുണ്യ വികസന, സംരംഭകത്വ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും വിദ്യാഭ്യാസ സഹമന്ത്രിയുമായ ജയന്ത് ചൗധരിയും ചേർന്നാണ് പദ്ധതി തുടങ്ങിയത്. കൗമാരക്കാരായ പെൺകുട്ടികളുടെയും യുവതികളുടെയും തൊഴിൽ സ്വപ്നങ്ങൾക്ക് പരിശീലനത്തിലൂടെ പിന്തുണ നൽകുന്ന നവ്യ, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെയും നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും സംയുക്ത പദ്ധതിയാണ്.
പദ്ധതി 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 100 ജില്ലകളിൽ നടപ്പാക്കും. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ജില്ലകൾക്കും എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങൾക്കും മുൻഗണന നൽകും. നേരത്തേ 16 മുതൽ 18 വയസ്സ് വരെയുള്ളവർക്കായിരുന്നു അവസരം. ഇപ്പോൾ 16 മുതൽ 25 വയസ്സ് വരെയുള്ളവർക്ക് ചേരാം. വ്യവസായ മേഖലയിൽ ആവശ്യക്കാരുള്ള ജോലികളിലും പുതുതായി ഉയർന്നുവരുന്ന തൊഴിലുകളിലും സ്ത്രീകൾ പതിവായി കടന്നുചെല്ലാത്ത തൊഴിൽ മേഖലകളിലും പരിശീലനം നൽകും. ജോലി നേടാനും അപ്രന്റിസ്ഷിപ്പിലൂടെ പ്രവൃത്തിപരിചയം നേടാനും സ്വന്തം സംരംഭം തുടങ്ങാനും അവസരമൊരുക്കും. ജില്ലാതലത്തിൽ ഒരേ മാർഗരേഖ പാലിച്ചായിരിക്കും നടത്തിപ്പ്. രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് പിന്തുണ നൽകും. ഓരോരുത്തരുടെയും പരിശീലന പുരോഗതിയും ഇതിലൂടെ നിരീക്ഷിക്കും.
വികസനത്തിന് സ്ത്രീകൾ നേതൃത്വം നൽകണമെന്ന് അന്നപൂർണ ദേവി
ഗംഗയുടെ നിലയ്ക്കാത്ത ഒഴുക്ക് മുന്നോട്ടുപോകാൻ ഓർമിപ്പിക്കുന്നുവെന്നും ഹരിദ്വാറിൽ നവ്യ 2.0 വഴി ആ ആശയം പ്രാവർത്തികമാക്കുകയാണെന്നും അന്നപൂർണ ദേവി പറഞ്ഞു. സ്ത്രീകളുടെ പൂർണ പങ്കാളിത്തമില്ലാതെ വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കാനാവില്ല. വികസനത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്നതിനൊപ്പം സ്ത്രീകൾ അതിന് നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു. അവസരം നൽകിയാൽ പെൺകുട്ടികൾ മുന്നേറുമെന്ന് ഗ്രാമങ്ങൾ മുതൽ ബഹിരാകാശം വരെ അവർ തെളിയിച്ചു. പെൺകുട്ടികളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും വിവിധ പദ്ധതികളിലൂടെ സർക്കാർ പിന്തുണ നൽകുന്നുണ്ട്. ആ പിന്തുണയുടെ തുടർച്ചയാണ് നവ്യ 2.0 എന്നും മന്ത്രി പറഞ്ഞു.
പരിശീലന ബാച്ചുകളിലേക്ക് ആളെ കണ്ടെത്തുന്നതിൽ ഒതുങ്ങുന്നതല്ല ഈ പ്രവർത്തനം. രജിസ്ട്രേഷൻ മുതൽ ഉപജീവനമാർഗം കണ്ടെത്തുന്നതുവരെ ഓരോ പെൺകുട്ടിക്കും കുടുംബത്തിനും തുടർച്ചയായ പിന്തുണ നൽകും. സംസ്ഥാനങ്ങളിലെ നോഡൽ ഉദ്യോഗസ്ഥർ പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകും. സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് പോർട്ടലിലൂടെ ഓരോ പെൺകുട്ടിയുടെയും പുരോഗതി വിലയിരുത്തും. പരിശീലനം പൂർത്തിയാക്കുന്ന എല്ലാവർക്കും പ്രയോജനകരമായ തൊഴിൽ കണ്ടെത്താൻ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശീലനം കഴിഞ്ഞാൽ ജോലി, പ്രവൃത്തിപരിചയം, സ്വന്തം സംരംഭം
പരിശീലനത്തിന് ശേഷം എന്ത് അവസരങ്ങൾ ലഭിക്കുന്നു എന്നതിലാണ് നൈപുണ്യ വികസന പദ്ധതിയുടെ വിജയം അളക്കേണ്ടതെന്ന് ജയന്ത് ചൗധരി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അവസരങ്ങൾ കുറവുള്ള ജില്ലകളിലെ യുവതികൾക്ക് ഇതുവരെ പരിഗണിക്കാത്ത ജോലികളിലേക്ക് കടക്കാനും അപ്രന്റിസ്ഷിപ്പിലൂടെ പ്രവൃത്തിപരിചയം നേടാനും സ്വന്തം സംരംഭം തുടങ്ങാനും നവ്യ 2.0 വഴിയൊരുക്കും. കൂടുതൽ സ്ത്രീകൾ ഇന്ത്യയുടെ തൊഴിൽരംഗത്തേക്ക് വരുകയും അതിനെ രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകുകയും ചെയ്യുന്നത് വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ പരീക്ഷണഘട്ടത്തിൽ ഡ്രോൺ നിർമാണവും ഘടകങ്ങൾ കൂട്ടിച്ചേർക്കലും ചെയ്യുന്ന ടെക്നീഷ്യൻ, സൗരോർജ പാനൽ സ്ഥാപിക്കുന്നതിനുള്ള സഹായി തുടങ്ങിയ ജോലികളിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. അതിന്റെ തുടർച്ചയായി പുതിയ മേഖലകളിലും സ്ത്രീകൾ പതിവായി കടന്നുചെല്ലാത്ത ജോലികളിലും കൂടുതൽ പേർക്ക് പരിശീലനത്തിന് അവസരമൊരുക്കും. പഠിച്ച കഴിവുകൾ ജോലിയിൽ ഉപയോഗിക്കാനും അപ്രന്റിസ്ഷിപ്പിലൂടെ പരിചയം നേടാനും സംരംഭം തുടങ്ങാനും കഴിയുന്നതിലാണ് അടുത്ത ഘട്ടത്തിന്റെ ഊന്നൽ. ഈ അവസരങ്ങൾ കൂടുതൽ പെൺകുട്ടികളിലേക്കും യുവതികളിലേക്കും എത്തിച്ച് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും തൊഴിൽരംഗത്തെ സ്ത്രീപങ്കാളിത്തവും വർധിപ്പിക്കുകയാണ് ലക്ഷ്യം. വികസിത് ഭാരത് 2047 ലക്ഷ്യമിടുന്ന വികസനത്തിൽ കൂടുതൽ സ്ത്രീകൾക്ക് പങ്കാളികളാകാനും നേതൃത്വം നൽകാനും ഇതിലൂടെ അവസരമൊരുക്കും.

477 സക്ഷം അങ്കണവാടികളും അഞ്ച് പുതിയ കേന്ദ്രങ്ങളും തുറന്നു
ഉത്തരാഖണ്ഡിലെ 477 സക്ഷം അങ്കണവാടി കേന്ദ്രങ്ങളും പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതിയിൽ നിർമിച്ച അഞ്ച് പുതിയ അങ്കണവാടികളും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 പ്രകാരം പരിശീലനം നേടിയ പത്ത് പേരെ ആദരിച്ചു.
ഉത്തരാഖണ്ഡ് മന്ത്രിമാരും കേന്ദ്ര ഉദ്യോഗസ്ഥരും പങ്കെടുത്തു
ഉത്തരാഖണ്ഡിലെ വനിതാ ശാക്തീകരണം, ശിശുവികസനം, ഭക്ഷ്യ പൊതുവിതരണം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രി രേഖ ആര്യയും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് രാജ്, ദുരന്തനിവാരണം, പുനരധിവാസം, ആയുഷ്, ആയുഷ് വിദ്യാഭ്യാസം, പുനഃസംഘടന, ജനസംഖ്യാ കണക്കെടുപ്പ് എന്നീ വകുപ്പുകളുടെ മന്ത്രി മദൻ കൗശിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള ലോക്സഭാംഗം ത്രിവേന്ദ്ര സിങ് റാവത്ത് എന്നിവരും പങ്കെടുത്തു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജി, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയ സെക്രട്ടറി അനിൽ മാലിക്, ഇരു മന്ത്രാലയങ്ങളിലെയും ജോയിന്റ് സെക്രട്ടറിമാരായ ഹീന ഉസ്മാൻ, അജീത് കുമാർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിനെത്തി.
.
