ന്യൂഡൽഹി / 2026 / നവംബർ 15
ഭഗവാൻ ബിർസ മുണ്ടയുടെ 151ാം ജന്മവാർഷികത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി. പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ പുഷ്പാഞ്ജലി അർപ്പിച്ചു. ഇന്ന് പാർലമെന്റ് സമുച്ചയത്തിലെ പ്രേരണാസ്ഥലിലുള്ള ബിർസ മുണ്ടയുടെ പ്രതിമയിലായിരുന്നു ആദരമർപ്പിക്കൽ. നിയമ–നീതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും പാർലമെന്ററികാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്വാളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ഗോത്രജനതയുടെ അവകാശങ്ങൾക്കായി പോരാടിയ ബിർസ മുണ്ടയുടെ ജന്മദിനം രാജ്യമെങ്ങും ജനജാതീയ ഗൗരവ് ദിവസമായാണ് ആചരിക്കുന്നത്.

ജലത്തിനും കാടിനും ഭൂമിക്കും മേലുള്ള അവകാശങ്ങൾക്കായി പോരാട്ടം
‘ധർത്തി ആബാ’ എന്ന് ആദരവോടെ വിളിക്കപ്പെടുന്ന ബിർസ മുണ്ടയ്ക്ക് സ്വാതന്ത്ര്യസമരസേനാനിയായും ഗോത്രജനതയുടെ അവകാശസംരക്ഷകനായും ഇന്ത്യൻ ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്. ബ്രിട്ടീഷ് കോളനിഭരണത്തിനും ചൂഷണത്തിനുമെതിരെ ഉൽഗുലാൻ പ്രസ്ഥാനത്തിലൂടെ അദ്ദേഹം ഗോത്രസമൂഹങ്ങളെ ഒന്നിപ്പിച്ചു. ജലം, കാട്, ഭൂമി എന്നിവയ്ക്കുമേലുള്ള അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെയും ഗോത്രജനതയുടെ സ്വത്വം, സാംസ്കാരിക അന്തസ്സ്, ആത്മാഭിമാനം എന്നിവയുടെ സംരക്ഷണത്തെയും അദ്ദേഹം ഒരുമിപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും ത്യാഗവും നീതിയോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും ഇന്നും പ്രചോദനമാണ്. രാജ്യത്തിന്റെ കൂട്ടായ ഓർമയിൽ അദ്ദേഹത്തിന്റെ പൈതൃകത്തിന് ആദരണീയ സ്ഥാനമുണ്ട്.

ഗോത്രസമൂഹങ്ങളുടെ സംഭാവനകൾക്ക് രാജ്യത്തിന്റെ ആദരം
ഗോത്രവിഭാഗങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗങ്ങളെ ആദരിക്കാൻ 2021 മുതലാണ് നവംബർ 15 ജനജാതീയ ഗൗരവ് ദിവസമായി ആചരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും ദേശീയജീവിതത്തിലും ഗോത്രസമൂഹങ്ങൾ നൽകിയ സംഭാവനകളെ അംഗീകരിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. അവരുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പൈതൃകവും ഈ ദിവസം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും അവർ നൽകിയ സംഭാവനകളോടുള്ള നന്ദിയും പുതുക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗോത്ര നാടൻകലാകാരന്മാർ പ്രേരണാസ്ഥലിൽ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വന്തം കലാരൂപങ്ങളിലൂടെ വിശിഷ്ടാതിഥികളെ സ്വീകരിച്ച അവർ ഇന്ത്യയിലെ ഗോത്രസാംസ്കാരിക പാരമ്പര്യങ്ങളുടെ സമ്പന്നതയും അവതരിപ്പിച്ചു.

ഉൽഗുലാൻ അനീതിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റം
ഗോത്രസ്വത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉജ്ജ്വല പ്രതീകമാണ് ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. ഇന്ന് രാവിലെ എക്സിൽ പങ്കുവച്ച സന്ദേശത്തിലായിരുന്നു പ്രതികരണം. 151ാം ജന്മവാർഷികത്തിൽ ബിർസ മുണ്ടയ്ക്ക് ആദരമർപ്പിച്ച അദ്ദേഹം ജനജാതീയ ഗൗരവ് ദിനത്തിൽ എല്ലാ പൗരന്മാർക്കും ആശംസകളും നേർന്നു. ചെറുപ്പത്തിൽത്തന്നെ അചഞ്ചലമായ ധൈര്യവും ദീർഘവീക്ഷണവും അസാധാരണ നേതൃത്വപാടവവും കൊണ്ട് ഗോത്രസമൂഹത്തിൽ പുതിയ അവബോധം ഉണർത്താൻ ബിർസ മുണ്ടയ്ക്ക് കഴിഞ്ഞെന്ന് സ്പീക്കർ പറഞ്ഞു.
അദ്ദേഹം നയിച്ച ഉൽഗുലാൻ അഥവാ കലാപം ബ്രിട്ടീഷ് ഭരണത്തിലെ ചൂഷണവ്യവസ്ഥയ്ക്കും അനീതിക്കും അടിച്ചമർത്തലിനുമെതിരായ ശക്തമായ ജനകീയ പ്രസ്ഥാനമായി മാറി. അത് രാഷ്ട്രീയ പ്രതിരോധത്തിൽ മാത്രം ഒതുങ്ങിയില്ല. ജലം, കാട്, ഭൂമി എന്നിവയ്ക്കുമേലുള്ള ഗോത്രജനതയുടെ അവകാശങ്ങളും അവരുടെ സാംസ്കാരിക സ്വത്വവും സാമൂഹികനീതിയും സംരക്ഷിക്കാനുള്ള സമഗ്രമായ പ്രതിജ്ഞ കൂടിയായിരുന്നു. സ്വന്തം പാരമ്പര്യത്തെയും പൈതൃകത്തെയും ആത്മാഭിമാനത്തെയും കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കിയ അദ്ദേഹം ഐക്യത്തിന്റെയും സംഘടിത പ്രവർത്തനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വഴി കാണിച്ചുകൊടുത്തുവെന്നും ഓം ബിർള വ്യക്തമാക്കി.
സാംസ്കാരിക വേരുകളും ഐക്യവുമാണ് സമൂഹത്തിന്റെ കരുത്ത്
സാമൂഹിക തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും ചൂഷണത്തിനുമെതിരെ ബിർസ മുണ്ട ജനങ്ങളെ ബോധവത്കരിച്ചെന്നും സ്പീക്കർ പറഞ്ഞു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഗോത്രസമൂഹങ്ങളിൽ ആത്മാഭിമാനവും കൂട്ടായ ഉത്തരവാദിത്വബോധവും ശക്തിപ്പെടുത്തി. സ്വന്തം അവകാശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും അവരെ പ്രേരിപ്പിച്ചു. ഏതൊരു സമൂഹത്തിന്റെയും യഥാർഥ കരുത്ത് അതിന്റെ സാംസ്കാരിക വേരുകളിലും സമൂഹത്തിന്റെ ഐക്യത്തിലും സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിലുമാണെന്ന് അദ്ദേഹത്തിന്റെ പോരാട്ടം തെളിയിക്കുന്നുവെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ത്യാഗവും തപസ്സും പോരാട്ടവും ജനസേവനവും നിറഞ്ഞ പ്രചോദനാത്മകമായ ജീവിതമായിരുന്നു ബിർസ മുണ്ടയുടേത്. വരുംതലമുറകളിലും ദേശസ്നേഹം, സാമൂഹിക സൗഹാർദം, നീതി എന്നീ മൂല്യങ്ങൾക്ക് ആ ജീവിതം വെളിച്ചം പകരും. അദ്ദേഹത്തിന്റെ അതുല്യമായ സംഭാവന ഇന്ത്യൻ ചരിത്രത്തിലെ അമൂല്യ പൈതൃകമാണ്. ഗോത്രസമൂഹത്തിന്റെ ആദരവും അവകാശങ്ങളും സമഗ്രവികസനവും ഉറപ്പാക്കാൻ ഉറച്ച പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ തുടർന്നും പ്രചോദനമാകുമെന്നും ഓം ബിർള പറഞ്ഞു.
.
Birsa Mund