പ്രധാന വിവരങ്ങൾ
- ഗോവയിൽ നവംബർ ഇരുപതുമുതൽ ഇരുപത്തെട്ടുവരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എൺപത്തിയാറ് രാജ്യങ്ങളിലെ നൂറ്റമ്പതിലധികം അന്താരാഷ്ട്ര ചിത്രങ്ങൾ പ്രദർശിപ്പിക്കും.
- അതിരുകളില്ലാത്ത കഥകളാണ് അമ്പത്തിയേഴാമത് മേളയുടെ പ്രധാന പ്രമേയം.
- ഫാദർലാൻഡ് ഉദ്ഘാടനചിത്രവും വി ആർ ഓൾ സ്ട്രേഞ്ചേഴ്സ് സമാപനചിത്രവുമാകും.
- ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പതിനെട്ട് ഭാഷകളിലായി എഴുപത്തിയാറ് ചിത്രങ്ങളുണ്ടാകും.
- സ്പെയിൻ ആദരരാജ്യവും റഷ്യ പങ്കാളി രാജ്യവുമാകുന്ന മേളയിൽ ബ്രിക്സ് സിനിമകൾക്കും പുതുപ്രതിഭകൾക്കും പ്രത്യേക പരിഗണന നൽകും
ഗോവ / 2026 / നവംബർ 13

‘അതിരുകളില്ലാത്ത കഥകൾ’ എന്ന പ്രമേയവുമായി അമ്പത്തിയേഴാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംവിധായകരും സിനിമാപ്രേമികളും സർഗപ്രതിഭകളും മേളയിൽ ഒത്തുചേരും. 137 രാജ്യങ്ങളിൽനിന്നായി 1,900-ലധികം ചിത്രങ്ങളാണ് പരിഗണനയ്ക്കെത്തിയത്. 86 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 150-ലധികം അന്താരാഷ്ട്ര ചിത്രങ്ങൾ പ്രദർശിപ്പിക്കും. വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും വൈവിധ്യമാർന്ന കഥകൾക്കും മികച്ച സിനിമകൾക്കും മേള വേദിയാകും. ഗോവയിലെ താജ് സിഡാഡെ ഡി ഗോവ ഹൊറൈസണിൽ നടന്ന മേളയുടെ മുന്നൊരുക്ക വാർത്താസമ്മേളനം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സിനിമയെയും ലോകസിനിമയെയും ആഘോഷിക്കുന്ന വിപുലമായ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചു. മേള ഗോവയുടെ സാംസ്കാരിക സ്വത്വത്തിന്റെയും വാർഷിക പരിപാടികളുടെയും അവിഭാജ്യഘടകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകസിനിമാ സമൂഹത്തെ സ്വീകരിക്കാൻ പ്രദർശനവേദികൾ, ഗതാഗതം, അതിഥിസത്കാരം, പൊതുസൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ വൈസ് ചെയർപേഴ്സൺ എം. ഡെലില എം. ലോബോ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ചഞ്ചൽ കുമാർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കൃഷ്ണ കുമാർ, മേള ഡയറക്ടർ അശുതോഷ് ഗോവാരിക്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രഭാത്, ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ മധുർ ഭണ്ഡാർക്കർ, നോൺ ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ ഹിമാൻഷു ശേഖർ ഖട്ടുവ, എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദീപക് മാണ്ഡേക്കർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ധീരജ് സിങ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ പശ്ചിമമേഖല ഡയറക്ടർ ജനറൽ സ്മിത വത്സ് ശർമ എന്നിവരും സന്നിഹിതരായിരുന്നു. മികച്ച സിനിമകളെയും സാംസ്കാരിക കൈമാറ്റത്തെയും വ്യത്യസ്ത ശബ്ദങ്ങളുമായുള്ള സംവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന പ്രധാന വേദിയായി മേള വളർന്നുവെന്ന് ചഞ്ചൽ കുമാർ പറഞ്ഞു. കഥകൾക്ക് ഒരു വിലാസമുണ്ടാകാമെങ്കിലും വികാരങ്ങൾക്ക് അതിരുകളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണവും അദ്ദേഹം ഓർമിപ്പിച്ചു. ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ കടക്കാൻ സിനിമയ്ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലുമായി നിലനിൽക്കുന്ന ഇന്ത്യയുടെ സമ്പന്നമായ കഥപറച്ചിൽ പാരമ്പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകസിനിമയിലെ മേളയുടെ സ്ഥാനം ഈ പതിപ്പ് കൂടുതൽ ശക്തമാക്കുമെന്ന ആത്മവിശ്വാസവും പങ്കുവെച്ചു. മനുഷ്യരുടെ പൊതുവായ വികാരങ്ങളിലൂടെയും കഥകളിലൂടെയും പ്രേക്ഷകരെ ബന്ധിപ്പിക്കാനുള്ള സിനിമയുടെ കരുത്താണ് ഇത്തവണത്തെ പ്രമേയമെന്ന് അശുതോഷ് ഗോവാരിക്കർ വിശദീകരിച്ചു. മേളയുടെ ആഗോള സാന്നിധ്യം, വൈവിധ്യമാർന്ന സിനിമകൾ, മാറിവരുന്ന സ്വഭാവം എന്നിവ ഉൾപ്പെടുന്ന സമഗ്ര കാഴ്ചപ്പാട് ധീരജ് സിങ് അവതരിപ്പിച്ചു.

‘ഫാദർലാൻഡ്’ തുടക്കമിടും; സ്പെയിനും റഷ്യയ്ക്കും പ്രത്യേക പരിഗണന
പാവെൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത ‘ഫാദർലാൻഡ്’ ഉദ്ഘാടനചിത്രമാകും. നൊബേൽ സമ്മാനജേതാവ് തോമസ് മാനും മകൾ എറിക്കയും 1949-ൽ യുദ്ധാനന്തര ജർമനിയിലൂടെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വിഭജിക്കപ്പെട്ട ജർമനിയിലെ രാഷ്ട്രീയവും വ്യക്തിപരവുമായ അകൽച്ചകളാണ് ചിത്രം പരിശോധിക്കുന്നത്. 2026-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിത്രം, അതേ വർഷത്തെ സിഡ്നി ഫിലിം പ്രൈസിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. അലീന ഷെർബാൻ സംവിധാനം ചെയ്ത ‘ഐ മാറ്റർ’ മേളയുടെ മധ്യഘട്ടത്തിലെ പ്രത്യേക ചിത്രമായി പ്രദർശിപ്പിക്കും. റൊമാനിയ, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളുടെ സംയുക്ത നിർമാണമായ ചിത്രത്തിന് 101 മിനിറ്റാണ് ദൈർഘ്യം. റൊമാനിയൻ, റൊമാനി ഭാഷകളിലുള്ള ചിത്രം യൂറോപ്യൻ സിനിമയുടെ വൈവിധ്യമാർന്ന കാഴ്ചപ്പാട് അവതരിപ്പിക്കും. ഗാല പ്രീമിയർ വിഭാഗത്തിൽ 14 പ്രദർശനങ്ങളുണ്ടാകും. 87 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കുന്ന ഈ വിഭാഗം തിരഞ്ഞെടുത്ത സിനിമകളും വൈവിധ്യമാർന്ന കഥകളും ശ്രദ്ധേയമായ ചലച്ചിത്രാവിഷ്കാരങ്ങളും കാണാൻ അവസരം നൽകും. ഇത്തവണത്തെ ആദരരാജ്യമായ സ്പെയിനിൽനിന്ന് നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹൈമെ ലൊറന്റെ സംവിധാനം ചെയ്ത ‘ദ ബാഡ് സൺ’, ‘ട്രിനിഡാഡ്’, പെഡ്രോ അൽമോദോവർ സംവിധാനം ചെയ്ത ‘ബിറ്റർ ക്രിസ്മസ്’, ഹൈമെ മാച്ചിയ സംവിധാനം ചെയ്ത ‘പെർസിഗിയെൻഡോ എ മൈക്കൽ’ എന്നിവയാണ് ചിത്രങ്ങൾ. സ്പാനിഷ് സിനിമയുടെ വൈവിധ്യമാർന്ന കഥപറച്ചിലും സംവിധായകരുടെ കാഴ്ചപ്പാടുകളും ഈ വിഭാഗത്തിലൂടെ അവതരിപ്പിക്കും. പങ്കാളി രാജ്യമായ റഷ്യയിൽനിന്നും നാല് ചിത്രങ്ങളുണ്ടാകും. ‘ഫോർ’, ‘ന്യൂ ഹോം’, അനസ്താസിയ കുസീന സംവിധാനം ചെയ്ത ‘ബോ ബോ’, ‘സിഡ്നി ലുമെറ്റ്സ് ബർത്ത്ഡേ’ എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങൾ. സമകാലിക റഷ്യൻ സിനിമയുടെ വൈവിധ്യവും സർഗസമ്പത്തും അടുത്തറിയാനും ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരികവും കലാപരവുമായ കൈമാറ്റത്തെ മനസ്സിലാക്കാനും ഈ പ്രദർശനങ്ങൾ അവസരമൊരുക്കും. ആന്തണി ചെൻ സംവിധാനം ചെയ്ത സിംഗപ്പൂർ ചിത്രം ‘വി ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ സമാപനചിത്രമാകും. മാൻഡറിൻ, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രത്തിന് 157 മിനിറ്റാണ് ദൈർഘ്യം. സമകാലിക സിംഗപ്പൂർ സിനിമയുടെ വേറിട്ട അനുഭവവുമായാണ് മേളയ്ക്ക് തിരശ്ശീല വീഴുക.

പതിനെട്ട് ഭാഷകളിലെ ഇന്ത്യൻ സിനിമ; പുതിയ വിഭാഗങ്ങളും അരങ്ങേറ്റമത്സരവും
വൈവിധ്യമാർന്ന കഥപറച്ചിൽ രൂപങ്ങൾക്ക് ഇടമൊരുക്കാൻ ഇത്തവണ രണ്ട് പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കും. അനിമേഷൻ വിഭാഗത്തിൽ സൃഷ്ടിപരതയും പുതുമയും പ്രകടമാക്കുന്ന അഞ്ച് മികച്ച ചിത്രങ്ങളുണ്ടാകും. സിനിമയെക്കുറിച്ചുള്ള സിനിമകൾ ഉൾപ്പെടുന്ന ‘ഫിലിംസ് എബൗട്ട് ഫിലിംസ്’ വിഭാഗത്തിലും അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെ നിർദേശത്തെ തുടർന്നാണ് ഈ വിഭാഗം ആരംഭിക്കുന്നത്. സിനിമാനിർമാണത്തിന്റെ കലയും സാങ്കേതിക മികവും മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ബ്രിക്സ് രാജ്യങ്ങളിലെ സിനിമകൾക്കും പ്രത്യേക പരിഗണന നൽകും. ഇന്ത്യയുടെ ‘രാമായണ’ ഈ വിഭാഗത്തിന്റെ ഉദ്ഘാടനചിത്രമാകും. ബ്രിക്സിലെ 11 അംഗരാജ്യങ്ങളിൽനിന്നും പങ്കാളി രാജ്യങ്ങളിൽനിന്നുമുള്ള സിനിമകൾ പ്രദർശിപ്പിക്കും. ഈ രാജ്യങ്ങളിലെ വ്യത്യസ്ത ചലച്ചിത്രപാരമ്പര്യങ്ങളും കഥപറച്ചിൽ രീതികളും പരിചയപ്പെടാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കും. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 18 ഭാഷകളിലായി ആകെ 76 ചിത്രങ്ങളുണ്ടാകും. രാജ്യത്തിന്റെ കഥപറച്ചിൽ വൈവിധ്യവും സൃഷ്ടിപരമായ മികവും ഇവ പ്രതിഫലിപ്പിക്കും. തിരഞ്ഞെടുപ്പിനായി ഫീച്ചർ വിഭാഗത്തിൽ 404 ചിത്രങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 358 ചിത്രങ്ങളും ലഭിച്ചു. മികച്ച ഓൺലൈൻ വെബ് സീരീസ് വിഭാഗത്തിൽ യോഗ്യതയുള്ള 46 എൻട്രികളുമെത്തി. ഇന്ത്യൻ പനോരമയ്ക്ക് ഹിന്ദി ഫീച്ചർ ചിത്രം ‘ധുരന്ധർ’, ലഡാക്കി ഭാഷയിലെ നോൺ ഫീച്ചർ ചിത്രം ‘ബികമിങ്’ എന്നിവ തുടക്കമിടും. വ്യത്യസ്ത ഭാഷകളിലും ചലച്ചിത്രരൂപങ്ങളിലുമുള്ള ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ബഹുസ്വര കഥപറച്ചിലിനെയും അതിരുകളില്ലാത്ത സിനിമ എന്ന കാഴ്ചപ്പാടിനെയും അടയാളപ്പെടുത്തും. മികച്ച ആദ്യ ഫീച്ചർ ചിത്രത്തിനുള്ള മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏഴ് ചിത്രങ്ങളുണ്ടാകും. ജർമനിയിൽനിന്നുള്ള ‘ഫേഡിങ് മാൻ’, ഇന്ത്യയിൽനിന്നുള്ള ‘ദ സ്ലെഡ്ജ്’, ബെൽജിയത്തിൽനിന്നുള്ള ‘പാരിസ്’, ഈജിപ്തിൽനിന്നുള്ള ‘ദ ബ്ലാക്ക് സീ’, ഫ്രാൻസും ഇറ്റലിയും ചേർന്നുള്ള ‘ലാജ് ദോർ’, അഥവാ ‘ദ ഗോൾഡൻ ഏജ്’, ഇന്ത്യയിൽനിന്നുള്ള ‘ബേർഡ്സ് ഓൺ ഐസ്’, ചൈനയിൽനിന്നുള്ള ‘അറ്റ്ലാന്റിക്’ എന്നിവയാണ് മത്സരചിത്രങ്ങൾ. ആദ്യ ഫീച്ചർ ചിത്രമൊരുക്കുന്ന സംവിധായകർക്ക് കഴിവ് അവതരിപ്പിക്കാനും കൂടുതൽ അംഗീകാരം നേടാനും ലോകപ്രേക്ഷകരുമായി ബന്ധപ്പെടാനും ഈ മത്സരം അവസരമൊരുക്കും. പുതുശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കാനും അടുത്ത തലമുറയിലെ സംവിധായകരെ വളർത്താനുമുള്ള മേളയുടെ പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമാകും.


പുതുപ്രതിഭകൾക്ക് പരിശീലനവും ലോകസിനിമയിലേക്കുള്ള അവസരവും
ഇത്തവണത്തെ മേളയിൽ 52 വനിതാ സംവിധായകരും 62 അരങ്ങേറ്റ സംവിധായകരും പങ്കെടുക്കും. ഇന്ത്യൻ സിനിമയിലും ലോകസിനിമയിലും വികസിക്കുന്ന സൃഷ്ടിപരമായ ഇടങ്ങളെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. മത്സരവിഭാഗങ്ങളിൽ പത്ത് വനിതാ സംവിധായകരുടെയും പന്ത്രണ്ട് അരങ്ങേറ്റ സംവിധായകരുടെയും ചിത്രങ്ങളുണ്ടാകും. സ്ത്രീകളുടെ ശബ്ദങ്ങൾക്ക് കൂടുതൽ ഇടം നൽകാനും പുതുപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അടുത്ത തലമുറയിലെ കഥപറച്ചിലുകാർക്ക് ആഗോളവേദി ഒരുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ’ പരിപാടിയുടെ ആറാം പതിപ്പിൽ സിനിമാനിർമാണത്തിലെ 13 മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറുപേർ പങ്കെടുക്കും. പ്രത്യേകം തയ്യാറാക്കിയ മാസ്റ്റർക്ലാസുകൾ, ശില്പശാലകൾ, സംവാദങ്ങൾ, 48 മണിക്കൂറിനുള്ളിൽ സിനിമയൊരുക്കുന്ന വെല്ലുവിളി, ടാലന്റ് ക്യാമ്പ് എന്നിവയുണ്ടാകും. പ്രമുഖ സംവിധായകരുമായും സിനിമാരംഗത്തെ വിദഗ്ധരുമായും ആശയവിനിമയം നടത്താനും സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനും മാധ്യമ വിനോദമേഖലയിലെ അവസരങ്ങൾ കണ്ടെത്താനും പങ്കാളികൾക്ക് കഴിയും. വേവ്സ് ഫിലിം ബസാർ സംവിധായകർ, നിർമാതാക്കൾ, സിനിമകൾ വാങ്ങുന്നവർ, വിതരണക്കാർ, മറ്റ് വ്യവസായപ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കും. സഹകരണം, സംയുക്ത നിർമാണം, വ്യാപാരാവസരങ്ങൾ എന്നിവയാണ് ലക്ഷ്യം. സിനിമകൾ വാങ്ങുന്നവരും നിർമാണസ്ഥാപനങ്ങളും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 150 അതിഥികൾ ബസാറിലെത്തും. തിരക്കഥാകൃത്തുക്കൾക്കുള്ള ലാബ്, കോ പ്രൊഡക്ഷൻ മാർക്കറ്റ്, വ്യൂവിങ് റൂം, നിർമാണം പുരോഗമിക്കുന്ന ചിത്രങ്ങൾക്കുള്ള വർക്ക് ഇൻ പ്രോഗ്രസ് ലാബ് എന്നിവ പ്രധാന പരിപാടികളാകും. വേവ്സ് ബസാറിലെ നോളജ് സീരീസ് പങ്കാളിയായ നെറ്റ്ഫ്ലിക്സ് സിനിമാരംഗത്തെ നൈപുണ്യവികസനത്തിന് പിന്തുണ നൽകും. ഇന്ത്യയുടെ വിഷ്വൽ ഇഫക്ട്സ് ശേഷി ശക്തിപ്പെടുത്താനും ഭാവിയിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രതിഭകളെ വളർത്താനും സർക്കാരുമായി നടത്തുന്ന സഹകരണവും അവതരിപ്പിക്കും. ‘പുഷ്പക് വിമാൻ’ ചിത്രത്തിന്റെ ഗാല പ്രീമിയർ, ‘റേ ഗൺ’ ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രദർശനം എന്നിവയും നെറ്റ്ഫ്ലിക്സിന്റെ പങ്കാളിത്തത്തിലുണ്ടാകും. പുതുപ്രതിഭകൾക്ക് പിന്തുണയും സിനിമാരംഗത്ത് അവസരങ്ങളും നൽകാൻ ആശയാവതരണ പരിപാടികളിലും നെറ്റ്ഫ്ലിക്സ് പങ്കെടുക്കും. നവംബർ 21 മുതൽ 27 വരെ കലാ അക്കാദമിയിൽ 14 സെഷനുകളുണ്ടാകും. മാസ്റ്റർക്ലാസുകൾ, ശില്പശാലകൾ, പാനൽ ചർച്ചകൾ, മുൻകാല ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടികൾ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ ഇതിലുൾപ്പെടും. സംവിധായകരും കലാകാരന്മാരും സിനിമാരംഗത്തെ വിദഗ്ധരും പങ്കെടുക്കും. ഡോക്യുമെന്ററി സിനിമ, അതിരുകൾ കടന്നുള്ള സിനിമാനിർമാണം, ലോകസിനിമയെ രൂപപ്പെടുത്തുന്ന സ്ത്രീകൾ, കഥപറച്ചിൽ, അഭിനേതാക്കളെ തിരഞ്ഞെടുക്കൽ, സബ്ടൈറ്റിൽ തയ്യാറാക്കൽ, പുതിയ ചലച്ചിത്രരീതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

ഗോവയിലുടനീളം പ്രദർശനങ്ങൾ; പ്രേംനസീർ ഉൾപ്പെടെയുള്ളവർക്ക് ജന്മശതാബ്ദി ആദരം
ഗോവയിലെ നാല് സ്ഥലങ്ങളിലായി 13 ഇൻഡോർ സ്ക്രീനുകളിൽ ഒമ്പതുദിവസം സിനിമകൾ പ്രദർശിപ്പിക്കും. പനാജിയിലെ ഐനോക്സ്, മക്വിനസ്, സാമ്രാട്ട്, അശോക എന്നിവിടങ്ങളിലായി ഏഴ് സ്ക്രീനുകളുണ്ടാകും. പോർവോറിമിലെ ഐനോക്സ്, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ടയിലെ മാജിക് മൂവി എന്നിവിടങ്ങളിലും പ്രദർശനങ്ങളുണ്ടാകും. വിവിധ വേദികളിലായി ആകെ നാലായിരത്തിലധികം സീറ്റുകളാണ് ഒരുക്കുന്നത്. ലോകസിനിമയുടെ അനുഭവം ഗോവയിലെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും സംഭാവനകൾ ജന്മശതാബ്ദി ആദരങ്ങളിലൂടെയും മുൻകാല ചിത്രങ്ങളുടെ പ്രദർശനങ്ങളിലൂടെയും പുനരുദ്ധരിച്ച ക്ലാസിക്കുകളിലൂടെയും ആഘോഷിക്കും. സംവിധായകൻ ആൻഡ്രേ വെയ്ദയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പുനരുദ്ധരിച്ച ക്ലാസിക് ചിത്രങ്ങളുടെ വിഭാഗത്തിലും അഞ്ച് സിനിമകളുണ്ടാകും. ചലച്ചിത്രചരിത്രത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ വീണ്ടും കാണാനുള്ള അവസരമാണിത്. ഇന്ത്യൻ സിനിമയിലെ പ്രമുഖരായ സംവിധായകർ ശക്തി സാമന്ത, രാജ് ഖോസ്ല, അഭിനേതാക്കൾ ഉത്തം കുമാർ, സൂര്യകാന്ത് മാണ്ഡറെ, പ്രേംനസീർ, രാജ് കുമാർ, സംഗീതസംവിധായകർ ഒ. പി. നയ്യാർ, രവി എന്നിവരുടെ ജന്മശതാബ്ദിയും മേള ആഘോഷിക്കും. ഇന്ത്യൻ സിനിമയ്ക്കും സംഗീതപൈതൃകത്തിനും അവർ നൽകിയ അസാധാരണ സംഭാവനകളെയും നിലനിൽക്കുന്ന സ്വാധീനത്തെയും ആദരിക്കും. 1952-ൽ ആരംഭിച്ച ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ അന്താരാഷ്ട്ര മേളകളിലൊന്നാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഗോവ സർക്കാരുമായും എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവയുമായും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ലോകസിനിമയിലെ മികച്ച സൃഷ്ടികളെ ആഘോഷിക്കുന്നതിനൊപ്പം ഇന്ത്യൻ ചിത്രങ്ങൾക്കും പ്രതിഭകൾക്കും ആഗോളവേദി നൽകുകയും ചെയ്യുന്നു. വർഷംതോറും ഗോവയിൽ നടക്കുന്ന മേള സർഗാത്മക ആശയവിനിമയത്തിനും പുതുശബ്ദങ്ങളെ കണ്ടെത്തുന്നതിനും സിനിമയിലൂടെ സംസ്കാരങ്ങളെ അടുത്തറിയുന്നതിനുമുള്ള വേദിയാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ. 1975-ൽ സ്ഥാപിതമായ കോർപ്പറേഷൻ ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുകയും സ്വതന്ത്ര സംവിധായകരെ പിന്തുണയ്ക്കുകയും അന്താരാഷ്ട്ര പങ്കാളികളുമായുള്ള സംയുക്ത നിർമാണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇന്ത്യൻ സ്രഷ്ടാക്കളെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിന്റെ നടത്തിപ്പും കോർപ്പറേഷനാണ് നിർവഹിക്കുന്നത്. മാധ്യമ വിനോദമേഖലയിൽ സഹകരണത്തിനുള്ള അവസരങ്ങളും ഇതിലൂടെ ഒരുക്കുന്നു.
.

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.


