ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുഎസ് സൈനികതാവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 80 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. യുദ്ധത്തിന്റെ ആദ്യത്തെ രണ്ടാഴ്ചകളിൽ ഇറാൻ നടത്തിയ തിരിച്ചടിയിലാണ് അമേരിക്കയ്ക്ക് ഇത്രയും നഷ്ടമുണ്ടായത്.
യുഎസിനു കനത്ത തിരിച്ചടി
ഗൾഫ് മേഖലയിൽ യുഎസിനുണ്ടായ നാശനഷ്ടങ്ങളുടെ പൂർണ ചിത്രം വ്യക്തമല്ലെങ്കിലും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ (സിഎസ്ഐഎസ്) റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മേഖലയിലെ യുഎസ് താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ വളരെക്കുറച്ച് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതുവരെ പൂർണ തുക അറിയാൻ കഴിയില്ലെന്ന് സിഎസ്ഐഎസ് പഠനം നിർവഹിച്ച മാർക്ക് കാൻഷ്യൻ പറയുന്നു.
ജോർദാനിലും യുഎഇയിലും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുമുള്ള യുഎസ് വ്യോമപ്രതിരോധ, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾക്ക് നേരേ ആക്രമണമുണ്ടായി. ജോർദാനിലെ യുഎസ് വ്യോമതാവളത്തിലെ ‘താഡ്’ (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) മിസൈൽ പ്രതിരോധ സംവിധാനത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചു. ഈ റഡാർ സംവിധാനം ഏകദേശം 485 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് സ്ഥാപിച്ചതെന്ന് പ്രതിരോധ വകുപ്പിന്റെ ബജറ്റ് രേഖകൾ ചൂണ്ടിക്കാട്ടി സിഎസ്ഐഎസ് പറയുന്നു.
13 സൈനികരെ നഷ്ടപ്പെട്ടു
പശ്ചിമേഷ്യയിലെ യുഎസ് വ്യോമതാവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടം 310 ദശലക്ഷം ഡോളറിന്റേതാണെന്നു പഠനം കണ്ടെത്തി.മൂന്ന് വ്യോമതാവളങ്ങളിലെങ്കിലും ഒന്നിലധികം തവണ ഇറാൻ ആക്രമണം നടത്തിയതായി ബിബിസി ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തു പറയുന്നു. കുവൈറ്റ്, ഖത്തർ, സൗദി എന്നിവിടങ്ങളിലെ യുഎസ് വ്യോമതാവളങ്ങളിലും ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം യുഎസിന് 13 സൈനികരെയാണ് നഷ്ടപ്പെട്ടത്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച് 3,200 പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 1,400 പേരും സാധാരണക്കാരാണ്.
യുദ്ധ ഫണ്ടിലേക്ക് പെന്റഗൺ മറ്റൊരു 200 ബില്യൺ ഡോളർകൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യോമാക്രമണങ്ങളിലൂടെയും ഹോർമുസ് കടലിടുക്ക് അടച്ചുമായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് യുദ്ധത്തിൽ ഇറാന്റെ പ്രധാന ആയുധമായി. ഇത് ആഗോളതലത്തിൽ സാമ്പത്തിക ഞെരുക്കത്തിനു കാരണമാകുകയും അമേരിക്കയെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം 1,130 കോടി ഡോളറാണ് അമേരിക്കയ്ക്ക് ചെലവായത്. 12 ദിവസം പിന്നിട്ടപ്പോൾ ചെലവ് 1,650 കോടി ഡോളറായതായി സിഎസ്ഐഎസ് പറയുന്നു. യുദ്ധ ഫണ്ടിലേക്ക് പെന്റഗൺ മറ്റൊരു 200 ബില്യൺ ഡോളർകൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
.
