കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്.കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ഫെബ്രുവരി 17 ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്
വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
